നമ്മുടെ രാഷ്ട്രപിതാവ്

മൂന്നര വര്‍ഷത്തെ ഐ.ടി. ജീവിതത്തിനൊടുവില്‍ എനിക്ക് ഒരു ഓണ്‍സൈറ്റ് കിട്ടി. മൂഞ്ചിയ നഗരമായ മൂഞ്ചന്‍ എന്ന് ഇവിടുത്തുകാര്‍ വിളിക്കുന്ന മ്യൂണിച്ചില്‍ ഞാന്‍ എത്തിയത് പ്രോജക്ട് ചെയ്യാന്‍ വേണ്ടി എന്നായിരുന്നു വയ്പ്പ്. പക്ഷെ  ശ്രീനിവാസന്‍ പോള്‍ ബാര്‍ബറെ കണ്ട് പിടിക്കാന്‍ അമേരിക്കയില്‍ പോയത് പോലെയായിരുന്നു ഞാന്‍ വന്നത്. പ്രോജക്ട് ഒക്കെ അതിന്റെ വഴിയേ നടക്കും. എനിക്ക് മ്യൂണിച്ച് ഒക്കെ കാണണം, ചുറ്റണം എന്നൊക്കെ വിചാരിച്ചായിരുന്നു വന്നത്. പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. 33 ഡിഗ്രിയില്‍ ചുട്ട് പഴുത്ത് കൊണ്ടിരുന്ന തിരുവനന്തപുരത്ത് നിന്ന്  വന്ന എന്നെ വരവേറ്റത് -10 ഡിഗ്രിയില്‍ തണുത്തുറഞ്ഞ് കിടക്കുന്ന മ്യൂണിച്ചായിരുന്നു. ഇവിടെ കാലു കുത്തിയപാടെ വിറയ്ക്കാന്‍ തുടങ്ങി. എങ്ങ് നോക്കിയാലും വെളുത്തുറഞ്ഞ് കിടക്കുന്ന മഞ്ഞ് മാത്രം. ഈ കാലാവസ്ഥയില്‍ എവിടെ ചുറ്റാനാ, എവിടെ കറങ്ങാനാ. റൂമിലെ ഹീറ്ററിന്റെ ചൂടില്‍ നിന്നും പുറത്ത് ഇറങ്ങാതെ അകത്ത് തന്നെ നിന്ന് കറങ്ങാം. നമ്മുടെ നാടിന്റെ സൗന്ദര്യം അന്ന് ആദ്യം മനസ്സില്‍ വന്നു.

എന്തായാലും ഇങ്ങനെ ഇരുന്നാല്‍ ശരിയാകില്ല എന്ന് പറഞ്ഞ് നവീനെയും രാജേഷ് ചേട്ട്നേയും കൂട്ടി പണ്ട് ഒളിമ്പിക്സ് നടന്ന സ്ഥലത്തേക്ക് പോയി. അത് ഇപ്പോള്‍ ഒരു ടൂറിസ്റ്റ് സെന്റര്‍ ആണ്. പഴയ കളികള്‍ നടന്ന മൈതാനങ്ങളും, നീന്തല്‍ കുളങ്ങളും ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തിരിക്കുകയാണ്. ട്രെയിനിനു ജെര്‍മനില്‍ ബാണ്‍ എന്നാണു പറയുന്നത്. മുകളില്‍ കൂടെയും താഴെ കൂടെയും അതിന്റെ താഴെഹ് കൂടെയും പല തട്ടുകളില്‍ ആയി ബാണ്‍ ഓടി കൊണ്ടിരിക്കും. അങ്ങനെ രണ്ട് ബാണ്‍ മാറി കയറി ഒളിമ്പ്യസെന്റ്രം എന്ന്‍ അറിയപ്പെടുന്ന സ്ഥലത്ത് എത്തി. ട്രെയിനില്‍ ഇരുന്നപ്പോ നല്ല സുഖത്തില്‍ ഇരുന്നു. സ്റ്റേഷന്റെ എലിവേറ്റര്‍ കയറി മുകളില്‍ എത്തിയപ്പോ ആണ് കിടുങ്ങി തുടങ്ങിയത്. ഉള്ള തണുപ്പ് പോരാഞ്ഞ് മഴ കൂടി ചാറ്റുന്നു. ബാംഗ്ലൂരിലെ തണുപ്പില്‍ (തണുപ്പ്!!!) ഇടാറുണ്ടായിരുന്ന ഒരു ജാക്കറ്റ് മാത്രമാണ് ഞാന്‍ ഇട്ടിരിക്കുന്നത്. വരാനുള്ളത് വഴിയില്‍ തങ്ങാതെ ബാണ്‍ പിടിച്ചായാലും വരും എന്ന് പറഞ്ഞു കൊണ്ട് നമ്മള്‍ നടന്നു.

സ്റ്റേഷന്റെ തൊട്ടു വെളിയില്‍ ലോക പ്രശസ്ത കാര്‍ നിര്‍മാതാക്കള്‍ ആയ ബി.എം.ഡബ്ല്യു വിന്റെ ഹെഡ് ഓഫീസ് ആണ്. ഒരു ഗമണ്ടന്‍ കെട്ടിടം. അവിടെ തന്നെ അവരുടെ മ്യുസിയവും ഉണ്ടത്രേ. പണ്ട് തൊട്ടേ ഉള്ള അവരുടെ കാറുകളും എങ്ങിനുകളും ഒക്കെ പൊളിച്ചടുക്കി വച്ചിട്ടുണ്ട് എന്ന്. കയറാന്‍ വെറും 10 യൂറോ. പിന്നെ മ്യുസിയം, നമ്മള്‍ അത് എത്ര കണ്ടതാ. വേണ്ട എന്ന് പറഞ്ഞു നവീനെയും കൊണ്ട് നടന്നു. 10 യൂറോ മുടക്കാനുള്ള മടി കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത് എന്നാണ് മിസ്റ്റര്‍ നവീന്‍ പറഞ്ഞു നടന്നത്.

ബി.എം.ഡബ്ല്യു ഹെഡ് ഓഫീസ്

ബി.എം.ഡബ്ല്യു ഹെഡ് ഓഫീസ്

അവിടെ വലിയ ഒരു ലേക്ക് ഉണ്ട്. അവിടെ നല്ല രസം ആണ് എന്ന് പറഞ്ഞു കൊണ്ട് മ്യുനിചിന്റെ സ്വന്തം നവീന്‍ മുന്നേ നടന്നു. അവിടെയാണ് കയാക്കിംഗ്, കനോയിംഗ്, അങ്ങനെ നമ്മുടെ നാക്കിനു വഴങ്ങാത്ത പേരുള്ള വള്ളം കളികള്‍ നടന്നത്. എന്തായാലും ലേക്കിലെ വെള്ളത്തില്‍ ഒക്കെ ഒന്ന് ഇറങ്ങാം എന്നൊക്കെ വിചാരിച്ചു പോയ ഞങ്ങളെ വരവേല്‍റ്റത് തണുപ്പ് കാരണം ഐസ് ആയി കിടക്കുന്ന ഒരു വിശാലമായ ലേക്ക് ആയിരുന്നു. അവിടെ താറാവൊക്കെ ഉണ്ട്. താറാവ് എത്ര കുളം കണ്ടതാ എന്നാ മട്ടില്‍ ഐസിന്റെ മുകില്‍ കൂടെ കൂളായി നടക്കുന്നു. ആ കായലിനു ചുറ്റും ഉള്ള തീരത്തിന് ഒരു പ്രത്യേകത ഉണ്ട്. ലോക പ്രശസ്ത കലാകാരന്മാരും, കായിക താരങ്ങളും, മറ്റു ആള്‍ക്കാരും വന്നു, അവരുടെ കൈ അടയാളം സിമെന്റില്‍ പതിപ്പിച്ചിട്ടു പോകും. എല്ലാവരുടെയും പേരും എഴുതി വച്ചിട്ടുണ്ട്.

ഐസ് ആയി കിടക്കുന്ന തടാകം

ഐസ് ആയി കിടക്കുന്ന തടാകം

തടാകത്തിനു അപ്പുറം ഒരു കുന്നു പോലെ കാണുന്നില്ലേ, അതിന്റെ മുകളില്‍ കയറിയാല്‍ നല്ലതാണ് എന്നായി നവീന്‍. ഇവിടം വരെ നടന്നപ്പോള്‍ തന്നെ തണുത്ത് വിറയ്ക്കാന്‍ തുടങ്ങി. ഷൂസിന്റെ അകത്തു വരെ നനവ്‌ വന്നു. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്ന് വിചാരിച്ചു ഞങ്ങള്‍ കുന്നു ലക്‌ഷ്യം ആയി നടന്നു. ഏന്തി വലിഞ്ഞ്, തണുത്ത് വിറച്ച്, ശ്വാസം മുട്ടി നടത്തം തുടങ്ങി. നിറയെ കുറുക്കു വഴികള്‍ ഉണ്ട്. അവിടം മുഴുവന്‍ മഞ്ഞ് വീണു ഐസ് ആയി തെന്നി, ഞങ്ങള്‍ തിരുവനന്തപുരത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചറക്കലായി, കിടക്കുന്നു. ഇങ്ങനെ കഷ്ടപ്പെട്ട് ഞങ്ങള്‍ നടക്കുമ്പോള്‍ കുറെ സായിപ്പന്മാരും മദാമ്മമാരും വെറും ട്രാക്ക്സ്യൂട്ട് മാത്രം ഇട്ടു കൊണ്ട് ഓടുന്നു. ജോഗ്ഗിംഗ് ആണ് പോലും. പിടിച്ചു നിര്‍ത്തി കൂമ്പിനു ഇടിക്കാന്‍ ആണ് തോന്നിയത്. എന്നിട്ട് ഞങ്ങളെ കടന്നു പോയിട്ട്, ഒതുങ്ങി നടന്നു കൂടേടാ എന്നാ മട്ടില്‍ ഉള്ള നോട്ടവും. പിന്നെ നമ്മുടെ ദേഹത്ത് മണ്ണ്, സോറി മഞ്ഞ്, പറ്റേണ്ട എന്ന് വിചാരിച്ചു ഞങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്യാന്‍ പോയില്ല. അവരായി അവരുടെ പാടായി. അവസാനം വല്ല വിധേനയും ആ കുന്നിന്റെ മുകളില്‍ വലിഞ്ഞ് കയറി. നവീന്‍ പറഞ്ഞത് ശരി ആയിരുന്നു. അവിടെ നിന്നാല്‍ മ്യുണിചിന്റെ ഒട്ടു മിക്ക സ്ഥലവും കാണാം. ആ ഒളിമ്പിക് സെന്റെറിന്റെ മൊത്തത്തില്‍ ഒരു കാഴ്ചയും കിട്ടി. നല്ല ഒന്നാന്തരം കാറ്റ്. തണുപ്പ്, മഴ, അതിന്റെ കൂടെ കാറ്റും. എന്ത് രസം ആയിരുന്നു കാണും അല്ലെ. ഓടി വന്ന സായിപ്പന്മാര്‍ അവിടെ നിന്ന് സിഗററ്റ് വലിച്ചിട്ടു തിരിച്ചു ഓടുന്നു. നാറാണത്ത് ഭ്രാന്തന്റെ കഥ ആണ് എനിക്ക് അപ്പൊ ഓര്‍മ്മ വന്നത്.

ഇതാണ് ഒളിമ്പിക് സെന്റെര്‍

ഇതാണ് ഒളിമ്പിക് സെന്റെര്‍

കുറെ നേരം തണുപ്പ് കൊണ്ട് അവിടെ നിന്ന് ആവേശം മൊത്തം തീര്‍ന്നപ്പോള്‍ തിരിച്ചിറങ്ങാം എന്ന് വിചാരിച്ചു. കൈ എന്നൊരു വസ്തു ഉണ്ടോന്നു എന്ന് തന്നെ അറിയില്ല. അത്രയ്ക്ക് മരവിച്ചു ഇരിക്കുന്നു. അത് പോലെ തന്നെ മൂക്കും. മൂക്കൊലിപ്പ് തടയാന്‍ വേണ്ടി ഉണ്ടായിരുന്ന നല്ലൊരു മീശ എടുത്തു കളഞ്ഞിട്ടാണ് ഇവിടെ വന്നത്. തട ഇല്ലാത്തതു കാരണം മൂക്കൊലിപ്പ് നിര്‍ബാധം തുടര്‍ന്ന് കൊണ്ടേ ഇരുന്നു. മഞ്ഞ് വീണ് കിടക്കുന്ന താഴ്വരയിലൂടെ തടാകം ലക്ഷ്യമായി നടന്നു. ഹിമക്കരടി പോലെ ഇരിക്കുന്ന ഒരു പട്ടിയെയും കൊണ്ട് ഒരു ജെര്‍മന്കാരന്‍ നടക്കുന്നു. ഇവിടുത്തുകാര്‍ക്ക് പട്ടികളെ ഭയങ്കര ഇഷ്ടമാണ്. സ്വന്തം കുട്ടികളെക്കാളും പട്ടികളെയാണ് സ്നേഹം. അത് കൊണ്ട് തന്നെ നടക്കാന്‍ വരുന്ന ഒട്ടുമിക്ക ആള്‍ക്കാരും പട്ടികളെയും കൊണ്ടാണ് വരുന്നത്.

നടന്ന് കയറിയ വഴികള്‍ താണ്ടി തിരിച്ചിറങ്ങി വരുമ്പോഴാണ് ‘ബിയര്‍ഗാര്‍ഡന്‍’ എന്ന ബോര്‍ഡ് കണ്ടത്. മ്യൂണിച്ചില്‍ എങ്ങും കാണാന്‍ പറ്റുന്ന ഒരു ബോര്‍ഡ് ആണിത്. ലോകത്തിന്റെ ബിയര്‍ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന സ്ഥലമാണ് മ്യൂണിച്ച്. ഒക്ടോബര്‍ ഫെസ്റ്റ് എന്ന് പറഞ്ഞ് ബിയര്‍ അടിക്കാന്‍ വേണ്ടി മാത്രം ഇവിടെ ഉത്സവം തന്നെ ഉണ്ട്. ബിയര്‍ഗാര്‍ഡന്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ഈ മരം കോച്ചുന്ന തണുപ്പിലും തടി ബഞ്ചില്‍ ഇരുന്ന് ബിയര്‍ അടിക്കുന്ന ഒട്ടേറേ ആള്‍ക്കാര്‍. ഒക്ടോബര്‍ ഫെസ്റ്റിന്റെ സമയത്ത് ആയിരകണക്കിന് ആള്‍ക്കാര്‍ തിങ്ങി നിറഞ്ഞിരുന്ന് ബിയര്‍ അടിക്കുമെന്നാണ് കേട്ടത്. ചെറുപ്പക്കാരും പ്രായമായവരും അന്ന് അവിടെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ എതോ അന്യഗ്രഹത്തില്‍ നിന്നും വന്ന ജീവികളെ പോലെ എല്ലാരും നോക്കുന്നു. ഒരു 65 വയസ്സോളം തോന്നിക്കുന്ന ഒരു സായിപ്പ് നമ്മുടെ അടുത്ത് വന്നിരുന്നു. കണ്ടാലേ അറിയാം അടിച്ച് ഫിറ്റായി നില്‍ക്കുവാണ് കക്ഷി. പുള്ളി വന്നിരുന്ന് നമ്മളെ പരിചയപ്പെട്ടു. പുള്ളി റഷ്യാക്കാരന്‍ ആണെന്നും ഡ്രൈവര്‍ ആയിരുന്നു എന്നും പറഞ്ഞ് എന്തൊക്കെയോ പറയുന്നു. ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും, ഇന്ത്യാക്കാരെ ഒത്തിരി ഇഷ്ടമാണെന്നും ഒക്കെ. പക്ഷെ ലോകത്തിത് വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ 3 മഹാന്മാരില്‍ ഒന്നാണ് ഗാന്ധിജി എന്ന് സായ്പ് പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. മദ്യപിച്ചിട്ടാണെങ്കിലും അദ്ദേഹം പിന്നെ പറഞ്ഞ വാക്കുകള്‍ ശരിക്കും കണ്ണ് തുറപ്പിക്കുന്നവയായിരുന്നു. “നമുക്ക് യുദ്ധങ്ങള്‍ വേണ്ട… ആണവായുധങ്ങള്‍ വേണ്ട… നമുക്ക് വേണ്ടത് സമാധാനമാണ്… എല്ലാവര്‍ക്കും സമാധാനത്തോടെ സഹോദരങ്ങളായി കഴിഞ്ഞു കൂടെ? ഗാന്ധിജിയെയും മണ്ഡേലയെ പോലെയും ഉള്ള മഹാത്മാക്കള്‍ വീണ്ടും വീണ്ടും ജനിക്കണം…”. കുറച്ച് നേരം കൂടെ അവിടെ കഴിഞ്ഞിട്ട് ഞങ്ങള്‍ തിരിച്ച് നടന്നു. മനസ്സ് മുഴുവന്‍ ഗാന്ധിജി ആയിരുന്നു. ലോകം മുഴുവന്‍ ആദരിക്കുന്ന ആ മഹാനെ മനസ്സില്‍ നമിച്ച് കൊണ്ട് ഹോട്ടലിലേക്ക് വണ്ടി കയറി.

പ്രീ-ഡിഗ്രീ അത്ര മോശം ഡിഗ്രീ ഒന്നും അല്ല

എന്താന്നറിയില്ല. ഇപ്പൊഴത്തെ സ്‌കൂള്‍ പിള്ളാരെ കാണുമ്പോള്‍ സങ്കടം വരും. ഹൊ. ആ ബാഗും തൂക്കി യൂണിഫോറവും ഇട്ട് കടിച്ച് തൂങ്ങി നടക്കുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ പഠിക്കണ്ടേ. പ്ലസ് ടൂ എന്ന് പറഞ്ഞ്. അടുത്തിടയ്ക്ക് മാമന്റെ മോനെ കണ്ടപ്പോള്‍ അവന് എന്തെന്നില്ലാത്ത സന്തോഷം. കാര്യം ചോദിച്ചപ്പോളാണ് എനിക്ക് ആദ്യം പറഞ്ഞ സഹതാപം തോന്നിയത്. പുള്ളി പ്ലസ് ടൂ കഴിഞ്ഞ് നില്‍ക്കുവാണ്. കൂടാതെ ഇപ്പോഴത്തെ യോ യോ യൂത്ത് ടൈപ്പും ആണ് അവന്‍ . ഇത്രയും നാള്‍ യൂണിഫോറം ഇട്ട് വിമ്മിട്ടപ്പെട്ട് ഇരിക്കുവായിരുന്നു ആശാന്‍ . ഇനിയെങ്കിലും യോ യോ ടൈപ്പില്‍ ലോ വൈസ്റ്റും ഇട്ട് പുറകിലെ കാണിക്ക വഞ്ചിയും കാണിച്ച് നടക്കണം. അതിന്റെ സന്തോഷത്തിലാണ്. അത് കേട്ടപ്പോഴാണ് പ്രീ ഡിഗ്രീ മാറ്റിയത് കൊണ്ട് ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്തോരം നഷ്ടമാണ് ഉണ്ടായത് എന്ന് മനസ്സിലായത്.

ദൈവത്തിന്റെ കൃപ കൊണ്ട് പ്രീ-ഡിഗ്രീക്ക് പഠിക്കന്നുള്ള ഭാഗ്യം എനിക്കുണ്ടായി. പ്രീ-ഡിഗ്രീ നിര്‍ത്തിയ അവസാനത്തതിന്റെ തൊട്ട് മുന്നത്തെ ബാച്ച്. പ്ലസ് ടൂവിനും പ്രീ ഡിഗ്രീക്കും ഇന്റര്‍വ്യൂ ഒരേ ദിവസം ആയതും തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പ്ലസ് ടൂവിന് ചേര്‍ക്കാന്‍ കൊണ്ട് പോയ അച്‌ഛനെ ബ്രയിന്‍ വാഷ് ചെയ്ത് പാളയത്ത് വച്ച് റൂട്ട് മാറ്റി വിട്ട് കേരളമാകെ സുപ്രസിദ്ധവും കുപ്രസിദ്ധവുമായ കേശവദാസപുരം എം.ജി.കോളേജില്‍ അഡ്മിഷന്‍ എടുത്തതും മേല്‍ പറഞ്ഞ സ്വാതന്ത്ര്യം രണ്ട് വര്‍ഷം മുന്‍പേ ആസ്വദിക്കാനുള്ള ആവേശം ഒന്ന് കൊണ്ട് മാത്രം ആയിരുന്നു. എത്ര നല്ല പിള്ളയും പ്രീ-ഡിഗ്രീക്ക് ചേര്‍ന്ന് കഴിഞ്ഞ് തുലഞ്ഞ് പോകും എന്ന് പണ്ടേ നാട്ടില്‍ ഒരു മിഥ്യാധാരണ ഉണ്ടായിരുന്നു. അക്കാരണം കൊണ്ടാണ് എന്നെ പ്ലസ് ടൂവിന് ചേര്‍ക്കാന്‍ ഉള്ള തീരുമാനം ഹൈ കമാന്റ് കൂടി വര്‍ക്കിങ്ങ് കമ്മിറ്റി ചെയര്‍ മെമ്പേഴ്സ് ആയ അച്‌ഛനും അമ്മയും കൂടെ എടുത്തത്. മകനെ പ്ലസ് ടൂവിന് ചേര്‍ക്കാന്‍ കൊണ്ട് പോയ അച്‌ഛന്‍ അവനെ പ്രീ-ഡിഗ്രീക്ക് ചേര്‍ത്തിട്ട് വരുന്ന രംഗം കണ്ടാല്‍ ഏത് പെറ്റ വയറിനാണ് സഹിക്കുക. അതും എം.ജി.കോളേജില്‍. ഒടുവില്‍ എം.ജി.കോളേജിന്റെ മാഹാത്മ്യങ്ങളെ പുകഴ്ത്തി അച്‌ഛന്‍ തല ഊരി. എന്നിട്ട് ‘നിനക്ക് മതിയായോടാ’ എന്ന ടൈപ്പില്‍ എന്നെ ഒരു നോട്ടവും.

അങ്ങനെ വിജയശ്രീലാളിതനായി ഒട്ടും മോശമല്ലാത്ത ഡിഗ്രീയായ പ്രീ-ഡിഗ്രീ പഠന കാലം തുടങ്ങി. അഭി, അനീഷ്, വിമല്‍ , അമല്‍ , ലോയ്‌ഡ്, ഇര്‍വിന്‍ പിന്നെ ഞാനും അടങ്ങുന്ന ഒരു കൂതറ ഗ്യാങ്ങും ഉണ്ടാക്കി. പത്താം ക്ലാസ്സ് വരെ സ്‌കൂളില്‍ യൂണിഫോമും ടൈയും ഒരു ലോഡ് പുസ്തകവും ടീച്ചര്‍മാരുടെ കൈയില്‍ നിന്നുള്ള അടിയുമായി കഴിഞ്ഞിരുന്ന ആ നരക യാതനയില്‍ നിന്നുള്ള സ്വാതന്ത്ര്യം അങ്ങോട്ട് അര്‍മാദിച്ച് തീര്‍ക്കണം എന്ന തീരുമാനവും ഞങ്ങള്‍ എടുത്തു. അങ്ങനെ രസാവഹമായ ഒരു രണ്ട് വര്‍ഷം ആരംഭിച്ചു.

ദിവസവും രാവിലെ ട്യൂഷന്‍ കഴിഞ്ഞ് കേശവദാസപുരം ബസ്സില്‍ 50 പൈസ എസ്.ടിയുമെടുത്ത് ഫുട്ബോര്‍ടില്‍ തൂങ്ങിയാടി, വഴിയില്‍ കാണുന്ന എല്ലാ പെണ്ണുങ്ങളെയും ‘എറിഞ്ഞ്’ആഘോഷത്തോടെയുള്ള യാത്ര. അതൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോഴും കുളിരു കോരും. അന്നോക്കെ ഒറ്റ കൈയില്‍ തൂങ്ങി യാത്ര ചെയ്ത് രസിച്ച ഞാന്‍ ഇപ്പോ ബസ്സിന്റെ ഫുട്ബോര്‍ഡില്‍ പോയിട്ട് ബസ്സില്‍ തന്നെ യാത്ര ചെയ്യാന്‍ കൂടി മടിക്കുന്നു. 😦 എന്നും കൃത്യം ഒമ്പതരയ്ക്ക് തന്നെ കോളേജില്‍ ഹാജരാകും. എം.ജി.കോളേജില്‍ ഒരു പ്രത്യേകത ഉണ്ടായിരുന്നു. രാവിലെ പ്രാര്‍ഥനയ്ക്ക് പകരം ജന ഗണ മന ആണ് ഇടുക. എ.ബി.വി.പി. ഭരിക്കുന്നതിന്റെ ഓരോ വേലകള്‍ . എന്തായാലും ദേശീയ ഗാനം കേട്ട് കഴിഞ്ഞാല്‍ ഉടനെ തന്നെ ഞങ്ങള്‍ തിരിച്ചിറങ്ങും. ആരുടെയെങ്കിലും വീട്ടിലോട്ട്. പ്രീ-ഡിഗ്രീക്ക് പഠിച്ചിട്ട് ദിവസവും ക്ലാസ്സില്‍ കയറുക എന്ന് പറഞ്ഞാല്‍ അതില്‍ പരം നാണകേട് വേറെ ഇല്ല എന്നതായിരുന്നു അന്നത്തെ എല്ലാരുടേയും പോളിസി. പ്രാക്ടിക്കല്‍ ചെയ്യാന്‍ മാത്രം കൃത്യമായി ലാബില്‍ ഹാജരാകും. കാരണം ഒരിക്കല്‍ അത് മിസ്സ് ആയാല്‍ പിന്നെ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ആഴ്ചയില്‍ ഫിസിക്സ് ലാബും കെമിസ്ട്രി ലാബും മാത്രം കോളേജില്‍ ഹാജര്‍ കാണും. ബാക്കി സമയങ്ങളില്‍ എന്റെ വീട്ടിലെ കമ്പ്യൂട്ടറില്‍ എന്തേലും വേലത്തരങ്ങള്‍ ( 😉 ) കാണിച്ചോ, അല്ലെങ്കില്‍ ഇര്‍വിന്റെ വീടിന്റെ അടുത്തുള്ള ഗ്രൌണ്ടില്‍ പോയി ക്രിക്കറ്റ് കളിച്ചോ അതുമല്ലേങ്കില്‍ ഏതെങ്കിലും തീയറ്ററില്‍ സിനിമയക്ക് പോയോ ചിലവിടും.

ഇങ്ങനെ നടന്ന് നടന്ന് ആദ്യ വര്‍ഷ ഓണപ്പരീക്ഷ വന്നു. ജീവിതത്തില്‍ ആദ്യമായി തുണ്ട് വച്ച് പരീക്ഷ എഴുതിയതും അപ്പോഴായിരുന്നു. ജോലിക്ക് കയറുന്നത് വരെ നിര്‍ത്താത്ത കോപ്പിയടി. ഓണാവധി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് പുതിയ അറിയിപ്പ്. ഓണപ്പരീക്ഷയുടെ പേപ്പര്‍ വാങ്ങാന്‍ സ്റ്റാഫ് റൂമില്‍ പോകാനുള്ള ഉത്തരവ്. അവരവരുടെ ടീച്ചര്‍മാരെ കണ്ട് പേപ്പര്‍ വാങ്ങി പോകാന്‍ പറഞ്ഞപ്പോഴാണ് അതിന് പിന്നിലെ ചതി മനസ്സിലാകുന്നത്. ഏതൊക്കെ ടീച്ചര്‍മാരാണ് പഠിപ്പിക്കുന്നതെന്ന് അറിയണമെങ്കില്‍ ക്ലാസ്സില്‍ കയറണ്ടെ. ലാബ് നടത്തുന്ന സാറന്മാരെ അറിയാം, പക്ഷെ അവരല്ല ക്ലാസ്സ് എടുക്കുന്നതെന്ന്. ആകെ മൊത്തം കലുങ്കുഷിതമായ അന്തരീക്ഷം. അവസാനം ഒരു ബുജി ചെറുക്കനോട് (എം.ജി.കോളേജിലും ബുജിയോ എന്നു ചോദിക്കാ‍ന്‍ വരട്ടെ. കുറച്ച് കരിങ്കാലികളും ഉണ്ടായിരുന്നു അവിടെ) ചോദിച്ച് എല്ലാ ടീച്ചര്‍മാരുടേയും പേരുകള്‍ എഴുതിയെടുത്തു.

നേരെ പോയത് മാത്‌സ് സ്റ്റാഫ്‌റൂമിലേക്കാണ്. അഭിയും അനീഷും എല്ലാം കൂടെ ഉണ്ട്. നമ്മുടെ ടീച്ചറുടെ പേര് ലിസ്റ്റില്‍ നോക്കി ഹൃദിസ്ഥമാക്കി. (സത്യം പറഞ്ഞാല്‍ ഇപ്പോഴും അവരുടെ പേര് എനിക്കറിയില്ല, അത് കൊണ്ട് ഞാന്‍ ശ്രീദേവി ടീച്ചര്‍ എന്ന് വിളിക്കുന്നു) ആദ്യം കയറി ചെന്നത് ഞാനായിരുന്നു. നോക്കിയപ്പോള്‍ ഒരു 10 ടീച്ചര്‍മാരെങ്കിലും ഉണ്ട് അവിടെ. ഇതില്‍ ശ്രീദേവി ടീച്ചര്‍ ആരാണ് എന്ന് എങ്ങനെ അറിയും. ഫുള്‍ കണ്‍ഫ്യൂഷന്‍ ആയി. എതേലും ടീച്ചര്‍മാരോട് ചെന്ന് ചോദിക്കാന്‍ പറ്റുമോ ശ്രീദേവി ടീച്ചര്‍ ആരാണെന്ന്. തോല്‍‌വി സമ്മതിച്ച് തിരിച്ചിറങ്ങി. പേര് പറഞ്ഞ് തന്ന ബുജിയോട് തന്നെ ചോദിച്ചു. അവന്‍ ജനാലയിലൂടെ ആളെ കാണിച്ച് തന്നു. കവിയൂര്‍ പൊന്നമ്മയെ പോലെ ഒരു സ്‌ത്രീ. ഇവരോ നമ്മുടെ കണക്ക് ടീച്ചര്‍ ?

വീണ്ടും കയറി ചെന്നു. നമ്മുടെ ക്ലസ്സിലെ വിരലില്‍ എണ്ണാവുന്ന പെണ്‍കിളികളില്‍ രണ്ട് മൂന്ന് പേര്‍ ഭയങ്കര ഡൌട്ട് ചോദിപ്പുമായി അവിടെ നില്‍പ്പുണ്ട്. ഈ ഒരവസ്ഥയില്‍ കയറി ചെല്ലണോ എന്ന് ശങ്കിച്ച് നിന്നു. വന്ദനത്തില്‍ മാല പറിക്കാന്‍ വേണ്ടി മുകേഷിനെ തള്ളിവിടുന്ന ലാലേട്ടനെ പോലെ അഭിയും അനീഷും വിമലും ഒക്കെ വാതില്‍ക്കല്‍ നിന്നു തള്ളിവിടുകയാണ്‍. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ടീച്ചറിന്റെ അടുത്ത് ചെന്നു പറഞ്ഞു ഓണപ്പരീക്ഷയുടെ പേപ്പര്‍ വേണമെന്ന്. ഒരു അന്യഗൃഹ ജീവിയെ കണ്ടപോലെ ടീച്ചര്‍ എന്നെ തറപ്പിച്ച് ഒന്നു നോക്കി. ‘ഇയാളോ, ഫസ്റ്റ് പി.ഡി.സി യോ???’ എന്ന ഭാവത്തിലുള്ള നോട്ടം.

‘എന്താ പേര്‍?’ ആദ്യത്തെ ചോദ്യം വന്നു.
‘അനൂപ്’.
‘10 അനൂപ് എങ്കിലും ഉണ്ട് ക്ലാസ്സില്‍. ഏത് അനൂപാണ്‍?’ (കണ്ട അണ്ടനും അടകോടനും അനൂപ് എന്ന് പേരിട്ടതിന്റെ ഓരോരോ ബുദ്ധിമുട്ട്)
‘അനൂപ്.പി.കെ. റോള്‍ നം : 69’
‘ഫസ്റ്റ് പി.ഡി.സി തന്നെ ആണോ? അതോ ക്ലാസ്സ് തെറ്റിയതാണോ?’
‘ഇല്ല ടീച്ചര്‍ . ഫസ്റ്റ് പി.ഡി.സി തന്നെ ആണ്.’
‘ഇത് വരെ ക്ലാസ്സില്‍ കണ്ടിട്ടേയില്ലല്ലോ? സെക്കന്റ് ഗ്രൂപ്പ് ആണോ? ഇത് മാത്‌സ് ഡിപ്പാര്‍ട്ട്മെന്റ് ആണ്.’

ക്ലാസ്സില്‍ നിന്നുള്ള കിളികള്‍ സിനിമയില്‍ അനാവശ്യമായി ചിരിക്കും പോലെ, ക ക്ക ക്ക എന്ന് പറഞ്ഞ് ഭയങ്കര ചിരി. ‘കൂടുതല്‍ ചിരിക്കണ്ടെടീ ‌‌‌‌‌‌ഡാഷ് മക്കളെ. നിങ്ങള്‍ എന്റെ മാര്‍ക്ക് കണ്ട് നോക്ക്. അപ്പോ തീരും നിന്റെയൊക്കെ ചിരി’ എന്ന് മനസ്സില്‍ കോറിയിട്ടു.

‘ഫസ്റ്റ് ഗ്രൂപ്പ് തന്നെയാണ് ടീച്ചര്‍ . ടീച്ചര്‍ പേപ്പര്‍ നോക്കി നോക്കൂ.’
‘മ്മ്. നോക്കട്ടെ.’

ടീച്ചര്‍ ഒരു കുട്ട പേപ്പര്‍ എടുത്ത് വച്ച് അതില്‍ എന്റെ പേപ്പര്‍ തപ്പി തുടങ്ങി. ഇത്രയും മാത്രം എഴുതി കൂട്ടിയത് ഏവന്മാരെടെയ് എന്ന് അന്തം വിട്ട് നില്‍ക്കുന്നതിനിടെ ടീച്ചര്‍ എന്റെ പേപ്പര്‍ പൊക്കി എടുത്തു. 4 പുറങ്ങളില്‍ എഴുതി കെട്ടി വച്ച ഒരു പാവം പേപ്പര്‍ . ‘ശെടാ ഞാന്‍ ഇത്രയേ എഴുതിയുള്ളുവോ?’. ടീച്ചര്‍ മാര്‍ക്ക് കൂട്ടിയിട്ടില്ല. പേപ്പര്‍ മറിച്ച് കൂട്ടാന്‍ തുടങ്ങി. ‘പേപ്പര്‍ എങ്ങാനും മിസ്സ് ആയിപ്പോയോ? നാല് പുറമേ ഉള്ളൂ’ എന്ന ടീച്ചറിന്റെ ചോദ്യം ഞാന്‍ കേട്ടില്ല എന്ന് നടിച്ചു. ഞാനും കിളികളും പുറത്ത് അഭിയും പരിവാരങ്ങളും അക്ഷമരായി നോക്കി നില്‍ക്കുവാണ്. വളരെ പെട്ടെന്ന് തന്നെ ടീച്ചര്‍ കൂട്ടി കഴിഞ്ഞു എന്നിട്ട് എന്റെ നേരെ തിരിഞ്ഞ് ഒരു ചോദ്യം. ‘പേപ്പര്‍ ഒക്കെ തരാം. അതിന് മുന്നെ ഒരു സിമ്പിള്‍ കണക്ക് ചോദിക്കാം. 1+2 എത്രയാണ്?’. ‘കളിയാക്കണ്ട ടീച്ചറെ കുറേയൊക്കെ കണക്ക് ഞാനും പഠിച്ചിട്ടുണ്ട്’ എന്ന് മനസ്സില്‍ പ്രഖ്യാപിച്ച് കൊണ്ട് ഞാന്‍ ഉത്തരം പറഞ്ഞു. ‘3’.

എന്റെ നേരെ പേപ്പര്‍ നീട്ടി കൊണ്ട് ടീച്ചര്‍ മൊഴിഞ്ഞു :  ‘കറക്ട്. വെരി ഗുഡ്. അത് തന്നെയാ മാര്‍ക്കും.’ വിശ്വാസം വരാതെ ഞാന്‍ പേപ്പറിലോട്ട് നോക്കി. ശരിയാണ്. 3 മാര്‍ക്ക്. എന്തേ കുറഞ്ഞ് പോയി എന്നല്ല ഞാന്‍ അത്ഭുതപ്പെട്ടത്. 3 മാര്‍ക്ക് എങ്ങനെ കിട്ടി എന്നായിരുന്നു എന്റെ ആലോചന. മിസ്റ്റര്‍ ബീനിലെ ബാക്‌ഗ്രൌണ്ട് ചിരി പോലെ കിളികള്‍ നിര്‍ത്താതെ ചിരിച്ച് അര്‍മാദിക്കയാണ്. ടീച്ചറിന്റെ മുഖഭാവം കണ്ടപ്പോഴേ മനസ്സിലായി അടുത്ത് എന്തൊക്കേയോ ഉപദേശിക്കാന്‍ ഉള്ള പുറപ്പാടാണ്‍. പിന്നെ നിന്നില്ല. ‘താങ്ക്യു ടീച്ചര്‍ ’ എന്ന് ആരോ കേള്‍ക്കാന്‍ വേണ്ടി പറഞ്ഞിട്ട് ഒരോട്ടം. എന്റെ അനുഭവം കേട്ട ബാക്കി പരിവാരങ്ങള്‍ പരീക്ഷ പേപ്പര്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. അപ്പോഴും ക ക ക്ക ചിരി എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു.

ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു പരീക്ഷയ്ക്ക് തോല്‍ക്കുന്നത് അന്നായിരിന്നു. പിന്നെയൊരിക്കലും ആ നല്ല ടീച്ചറിനെ കൊണ്ട് അങ്ങനെ പറയിപ്പിക്കാനുള്ള ഇട ഞാന്‍ കൊടുത്തിട്ടില്ല. ഒരു വഴക്ക് കൊണ്ട് ഞാന്‍ നന്നായി എന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ വെരി സോറി. നിങ്ങള്‍ക്ക് തെറ്റിപ്പോയി. പിന്നീടൊരിക്കലും ക്ലാസ്സിലോ, പേപ്പര്‍ വാങ്ങാനോ, കോളേജില്‍ വായും നോക്കി നടക്കുന്നതിനിടയിലോ ആ ടീച്ചറെ ദൂരെ നിന്ന് പോലും കണ്ട് മുട്ടിയിട്ടില്ല. 😛 എന്റെ ജീവിതത്തിലെ സുവര്‍ണ്ണ യുഗത്തിലെ മറ്റൊരു ഏട്.

നാനു കന്നഡ മാത്താടിത്തീനീ…

എനിക്ക് തീരെ ചെറിയതല്ലാത്ത ഒരു അഹങ്കാരം ഉണ്ടായിരുന്നു. എവിടെ ചെന്നാലും അവിടുത്തെ ഭാഷ പഠിച്ചെടുക്കും എന്ന അഹങ്കാരം. പറഞ്ഞത് കേട്ടാല്‍ തോന്നും ലോകം മൊത്തം ചുറ്റി അടിച്ച് സ്പാനിഷും ജെര്‍മനും ഒക്കെ പഠിക്കുവാണെന്ന്. ഞാന്‍ നമ്മുടെ ഇന്ത്യയിലെ കാര്യമാണ് പറഞ്ഞത്. പാസ്പ്പോര്‍ട്ടും അതില്‍ വിസയുമൊക്കെ ഉണ്ടെങ്കിലും ഒരു എയര്‍പോര്‍ട്ടിലെ സീല്‍ വീഴാനുള്ള ഭാഗ്യം എന്റെ പാസ്പ്പോര്‍ട്ടിന് ഇത് വരെ കിട്ടിയിട്ടില്ല. ചെന്നൈയില്‍ ആയിരുന്നപ്പോള്‍ തമിഴ് എഴുതാനും വായിക്കാനും പേശുവാനും പഠിച്ചു. അതും വെറും 4 മാസം കൊണ്ട്. തിരുവന്തോരം ആയത് കൊണ്ട് അതിന്റെ ഒരു ബെയിസ് ഉണ്ടായിരുന്നു എന്ന് വച്ചോ. പക്ഷെ തെണ്ടിപോയത് സോഫ്റ്റ്‌വെയര്‍ സിറ്റിയായ ബംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു. സ്വന്തം ഭാഷയെ ഇത്രയേറെ സ്നേഹിക്കുന്നവര്‍ തീരെ കുറവായിരിക്കും. സ്വന്തമായി കൊടി വരെയുള്ള ഈ ഡെക്കാന്‍ പീഠഭൂമിയില്‍ എതോ പൂര്‍വ്വജന്മ പാപം കൊണ്ടെന്ന പോലെ എത്തി ചേര്‍ന്ന ഞാന്‍ , അവരുടെ ഭാഷ കേട്ടപ്പോള്‍ വായും തുറന്ന് അന്തം വിട്ട് നിന്നു പോയി. തമിഴ് പഠിച്ച പോലെ ഇതും ഇപ്പോ അങ്ങ് ഒലത്തി കളയാം എന്ന് വിചാരിച്ചു. പക്ഷെ ഏറെ താമസിയാതെ തന്നെ ആ വിചാരം തെറ്റായിരുന്നു എന്ന് മനസ്സിലായി.

കുറേ വഴികള്‍ ശ്രമിച്ച് നോക്കി. കന്നഡ ചാനലുകള്‍ കണ്ടു നോക്കി. കന്നഡ സിനിമ കണ്ട് നോക്കി. എവടെ. ഒരു രക്ഷയുമില്ല. അവസാനം കുറേ നിഗമനങ്ങളില്‍ എത്തി. കന്നഡയില്‍ കുറേ വാക്കുകള്‍ ഉണ്ട്. അതെല്ലാം കൂടെ ചേര്‍ത്ത് അതിന്റെ ഇടയില്‍ തമിഴും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ കലര്‍ത്തി പറഞ്ഞാല്‍ മതി. ഉദാഹരണത്തിന് അര കിലോ പഴം വേണമെങ്കില്‍ ‘ആഥാ കിലോ ബനാന ബേക്കു’ എന്ന് പറഞ്ഞ് തടി തപ്പിയാല്‍ മതി. ബേക്കു (വേണം), മാടി (ചെയ്യുക), കൊടി(തരൂ), പിന്നെ മലയാളത്തിലെ ഒരു ഏ ക്ലാസ്സ് തെറി എന്ന് തോന്നിക്കുന്ന ഒരു വാക്ക് അങ്ങനെ കുറേ ജനറലായ വാക്കുകള്‍ . അങ്ങനെ തക്കിട തരികിട മുറി കന്നഡ വച്ച് ജീവിച്ച് വരികയായിരുന്നു. അവസരം കിട്ടുമ്പോള്‍ ഒക്കെ കന്നഡ മാത്താടാന്‍ (പറയാന്‍ ) ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ ജന്മത്തില്‍ ചെയ്ത എതോ പുണ്യം കാരണം ഇതു വരെ അടിയൊന്നും കിട്ടാതെ അങ്ങ് ജീവിച്ച് പോന്നു.

അങ്ങനെയിരിക്കുമ്പോള്‍ ആണ് കുറച്ച് നാള്‍ മുന്‍പ് വെള്ളം കുടിക്കാന്‍ വേണ്ടി ഓഫീസിലെ പാന്‍‌ട്രിയില്‍ പോയത്. കൂളറില്‍ നോക്കിയപ്പോള്‍ വെള്ളം വരുന്നില്ല. പാന്‍‌ട്രിയുടെ ആള്‍ ഇന്‍ ആളായ ഒരു ചെറുക്കന്‍ അവിടെ ഒരു മൂലയില്‍ ചൊറിയും കുത്തി ഉറക്കം തൂങ്ങി നില്‍ക്കുന്നുണ്ട്. അവന്‍ കന്നഡക്കാരന്‍ ആയിരുന്നു എന്ന് ഊഹിക്കാല്ലോ… സ്വാഭാവികം. അവനോട് വെള്ളം തീര്‍ന്നു എന്ന് പറയണം. അതിന് വേണ്ടിയുള്ള സ്ക്രിപ്റ്റ് റൈറ്റിങ്ങ് ഒക്കെ മനസ്സില്‍ പെട്ടെന്ന് നടത്തി. ‘വെള്ളം = നീരു’ ‘തീര്‍ന്നു = ഗാലി’ പിന്നെ ചുമ്മാ ഒരു ‘ഇതെ’ എന്നൊരു വാക്കും. സ്ക്രിപ്റ്റ് റെഡി. രണ്ടും കല്‍പ്പിച്ച് അവനോട് മാത്താടി. ‘നീരു ഗാലി ഇതെ, ഗുരോ…’. (ഇവിടെ ചുമ്മാ ആരോട് സംസാരിച്ചാലും ഒരു ‘ഗുരോ’ ചേര്‍ക്കും.) ഇത് കേള്‍ക്കേണ്ട താമസം അവന്‍ ഓടി പുതിയ വെള്ളത്തിന്റെ കാന്‍ എടുത്ത് വച്ചു. അടുത്ത അക്രമം വന്നു എന്റെ വക. ‘നന്ദി ഗുരോ’. നന്ദി എന്നൊരു വാക്ക് കന്നഡ ഡിക്ഷണറിയില്‍ ഉണ്ടോ എന്നു കൂടി അറിയില്ല.

പക്ഷെ എന്റെ കണക്ക് കൂട്ടല്‍ ഒക്കെ തെറ്റിച്ച് കൊണ്ട് അവന്‍ തിരിച്ച് മാത്താടി തുടങ്ങി. ന്യൂഡെല്‍ഹി-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് പോലെ, നോണ്‍-സ്‌റ്റോപ്പായി മുടിഞ്ഞ ഫാസ്റ്റില്‍ ഒടുക്കത്തെ കന്നഡ. അവന്‍ എന്നോട് ചോദ്യം ചോദിക്കുകയാണോ, തെറി വിളിക്കുകയാണോ, അതോ കുശലം പറയുകയാണോ എന്നു തിരിച്ചറിയാനാകാതെ ഞാന്‍ പകച്ച് നിന്നു. എന്റെ ഭാഗത്ത് നിന്നും ശ്രീനിവാസന്‍ സൈറ്റലില്‍ മൂളലും പിന്നെ ചിരിയും മാത്രം. തേന്മാവിന്‍ കൊമ്പത്തില്‍ ആദിവാസികളുടെ ഇടയില്‍ പെട്ട് ‘കുത്തിയിരിക്കാതെ എണീറ്റ് പോ അമ്മച്ചി’ എന്ന അവസ്ഥയിലായി ഞാന്‍ . മനസ്സില്‍ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് ഇനി മേലാല്‍ കന്നഡ മാത്താടില്ല എന്നു സത്യമിട്ട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായിട്ടാണോ അതോ ‘ലേലു അല്ലു’ എന്ന് പറയാന്‍ നില്‍ക്കുന്ന മാതിരിയുള്ള എന്റെ നില്‍പ്പ് കണ്ടിട്ടാണോ എന്ന് അറിയില്ല, അവസാനം അവന്‍ നിര്‍ത്തി. എന്നിട്ട് ഒരു ചോദ്യം. ‘കന്നഡ ഗൊത്തില്‍വാ??’ എന്ന് (കന്നഡ അറിയില്ലേ??). ഭാഗ്യത്തിന് അത് എനിക്കു നന്നായിട്ട് അറിയാമാ‍യിരുന്നു, കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ കന്നഡ ഗൊത്തില്ല എന്ന് പറഞ്ഞാണ് രക്ഷപ്പെടുക. അവന്റെ ഒരു ചോദ്യമെങ്കിലും മനസ്സിലായ സന്തോഷത്തില്‍ ഞാന്‍ മറുപടി പറഞ്ഞു : ‘സ്വല്‍പ്പ സ്വല്‍പ്പ ഗൊത്തായിത്തെ…’. ദാ കിടക്കുന്നു. ഒരു 10 സെക്കന്റ് മുന്നെ ഇനി മേലാല്‍ കന്നഡ സംസാരിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത ഞാന്‍ വീണ്ടും.

പാന്‍‌ട്രിക്കാരന്‍ ചെറുക്കന് കാര്യം പിടിക്കിട്ടിയ പോലെ, എന്നെ അവജ്ഞയോടെ ഒന്നു നോക്കിയിട്ട് ഒരു പോക്ക് അങ്ങ് പോയി. ഇനി വല്ല കന്നഡ രക്ഷണ വേദികക്കാരെ വിളിക്കാന്‍ പോയതാണോ എന്ന് അറിയാതെ ഞാനും പതുക്കെ സ്കൂട്ടായി. പക്ഷെ അത് കൊണ്ടൊന്നും ഞാനൊരു പാഠം പഠിച്ചില്ല. ഇപ്പോഴും കടയില്‍ ചെന്നിട്ട് കന്നഡയില്‍ മാത്താടും, പക്ഷെ മലയാളികളെ കൊണ്ട് തിങ്ങി നിറഞ്ഞ ബംഗലൂരുവില്‍ കടക്കാരന്‍ തിരിച്ച് മലയാളത്തില്‍ പറയുമ്പോഴാണ് നമ്മുടെ മലയാളത്തിന്റെ മഹത്തായ വില ഞാനറിയുന്നത്. 🙂

ഗതി കെട്ടാല്‍ മീനും കടിക്കും

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഗതി കെട്ടാല്‍ മീനും കടിക്കും എന്ന് ഞാന്‍ രണ്ടു ദിവസം മുന്‍പ് മനസ്സിലാക്കി. ഞാനും എന്റെ കെട്ടിയോളും പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട് 1 വര്‍ഷം ആയ ദിവസം ആയിരുന്നു കഴിഞ്ഞ ശനിയാഴ്ച. വിപുലമായ ആഘോഷ പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നതിന് മുന്നേ തന്നെ അവളുടെ കൊച്ചഛനും ഫാമിലിയും വരുന്നുണ്ട് എന്ന് അറിഞ്ഞു. അപ്പോശരി ആഘോഷം അവരുടെ കൂടെ തന്നെ ആയികളയാം എന്ന് അങ്ങോട്ട്‌ വിചാരിച്ചു. ഉച്ചക്ക് അത്യുഗ്രമായ ഊണ് ഒക്കെ തട്ടി വിട്ട് കുറെ വെടിയൊക്കെ പറഞ്ഞു ഇലക്ഷന്‍ വിശകലനം ഒക്കെ കഴിഞ്ഞപ്പോള്‍ വയ്കുന്നേരം ആയതേ അറിഞ്ഞില്ല. ഗണേഷ് ചേട്ടന്‍ വിളിച്ച് വൈകിട്ട് ഡിന്നര്‍ അവരുടെ കൂടെ ആകാം എന്നു പറഞ്ഞപ്പോള്‍ അതും എതിര്‍ക്കാന്‍ പോയില്ല. എന്തിനാ നമ്മള്‍ ആയിട്ട് വെറുതെ ആള്‍ക്കാരെ മുഷിപ്പിക്കുന്നെ. അതും സമ്മതിച്ചു.

പോകുന്ന വഴി കൊച്ചഛനെയും ഫാമിലിയേയും മാര്‍ത്തഹള്ളിയും പരിസര പ്രദേശവും ഒക്കെ കാട്ടി ഷോ ഇറക്കാന്‍ തന്നെ തീരുമാനിച്ചു. ബ്രാന്റ് ഫാക്റ്ററിയില്‍ കയറ്റി അവരുടെ കണ്ണ് തള്ളിച്ചു. ആദ്യം കടയുടെ വലിപ്പം കണ്ടാണ് തള്ളിയതെങ്കില്‍ പിന്നെ ഒരോ സാധനങ്ങളുടേയും വില കണ്ടാണ് കണ്ണ് തള്ളിയത് എന്ന് മാത്രം. പഴയതും ഫാക്റ്ററി തള്ളി കളഞ്ഞതുമായ സാധനങ്ങള്‍ ഇരട്ടി വില ഇട്ടിട്ട് പിന്നെ മുപ്പതും നാല്‍പ്പതും ശതമാനം വിലകുറവിട്ട് വില്‍ക്കുന്ന ഒരു ഉടായിപ്പ് കട. എല്ലാപേര്‍ക്കും അവിടെ നിന്നും ഡ്രസ്സ് വാങ്ങി കൊടുത്ത് ഗുഡ് ബുക് എന്റ്രി വാങ്ങാം എന്ന പ്ലാനുമായി പൊയ ഞങ്ങള്‍ സലിം കുമാര്‍ പറയും പൊലെ ഇളിഭ്യരായി വിഷണ്ണരായി നിരാശരായി പുറത്തിറങ്ങി. ഏറ്റവും അടുത്തു തന്നെ കണ്ട ഒരു കൂതറ കടയില്‍ കയറി എല്ലാപേര്‍ക്കും ഡ്രസ്സ് വാങ്ങി കൊടുത്ത് ത്രിപ്തി അടഞ്ഞു. എല്ലാ തവണത്തെയും പോലെ ഇനി ആ ബ്രാന്റ് ഫാക്റ്ററിയില്‍ ഈ ജന്മത്തില്‍ കയറില്ല എന്ന ദൃഡ പ്രതിജ്ഞയും എടുത്തു. എന്നാലും അടുത്ത തവണ തുണി വാങ്ങാന്‍ വരുമ്പോളും ആദ്യം ബ്രാന്റ് ഫാക്റ്ററിയില്‍ കയറി കുറേ നടന്ന് വെറുത്ത് അടുത്ത കടയില്‍ കയറി വാങ്ങും എന്ന കാര്യം ഉറപ്പ്. എന്ത് ചെയ്യാം, ഉണക്കപ്പിണ്ടം വില കുറച്ച് കൊടുക്കുന്നു എന്ന് പറഞ്ഞാലും വാങ്ങാന്‍ വേണ്ടി തിരക്കു കൂട്ടി ഓടി കയറുന്ന മലയാളി സമൂഹത്തിലെ അങ്കമായി പോയില്ലേ 🙂

അവിടെ നിന്നും നേരെ ഗണേഷ് ചേട്ടന്റെ ഓഫീസിലേക്ക്. സ്വന്തമായി സ്റ്റീലിന്റെ എന്തോ ബിസിനസ് ആണ് പുള്ളിക്ക്. ബാംഗ്ലൂരില്‍ വാടകയ്ക്ക് കൊടുക്കാന്‍ വെണ്ടി ഉണ്ടാക്കുന്ന ടിപ്പിക്കല്‍ രണ്ട് വീടുകള്‍ വാടകയ്ക്ക് എടുത്ത് അത് മോടിഫൈ ചെയ്തതാണ് പുള്ളിയുടെ ഓഫീസ്. ചെറുതാണ്ണെങ്കിലും നല്ല ഓഫീസ്. അല്ലേലും ഇരുപത് പേര്‍ക്ക് ജോലി ചെയ്യാന്‍ അതൊക്കെ ധാരാളം അല്ലേ. രണ്ട് പേര്‍ പരസ്പരം കണ്ടാല്‍ സംസാരിക്കാന്‍ ഈയിടെ ആയി ഒരു വിഷയം ഉണ്ടല്ലോ… റിസഷന്‍ … നമ്മളും അതു തന്നെ തുടങ്ങി. മോഹന്‍ലാല്‍ മണിചിത്രത്താഴില്‍ പറയും പോലെ, പുള്ളിയുടെ കമ്പനിയില്‍ തുടങ്ങി ആഗോള സാമ്പത്തിക രംഗത്തെ പല മേഘലയിലൂടെ കടന്ന് ചെന്ന് അവസാനം എന്റെ കമ്പനിയുടെ അവസ്ഥയില്‍ എത്തിനിന്നു.

അപ്പോഴാണ് അവിടെ ഒരു മൂലയില്‍ ഒരു ചെറിയ ഫിഷ് ടാങ്കിനെ സ്വന്തം ലോകമാക്കി അതിനുള്ളില്‍ തേരാ പാരാ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു പാവം മീന്‍ (കുറച്ച് കൂടെ സാഹിത്യപരമായി പറഞ്ഞാല്‍ മത്സ്യം). ഞാന്‍ നോക്കുമ്പോള്‍ ചേട്ടന്റെ മോന്‍ ടാങ്കിന്റെ മുകളിലൂടെ വിരല്‍ ഇട്ട് ആ സാധു ജീവിയെ വട്ടാക്കി കൊണ്ടിരിക്കുന്നു. ആ മീനാണേല്‍ കുര്‍ബാന കഴിഞ്ഞ് അചഛന്റെ കൈയില്‍ മുത്തുന്ന കുഞ്ഞാടുകളെ പോലെ ചെറുക്കന്റെ വിരലില്‍ മുത്തുന്നു പോകുന്നു,മുത്തുന്നു പോകുന്നു. പണ്ട് വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോകുമ്പോള്‍ അവിടുത്തെ ചില അണ്‍എമ്പ്ലോയ്ഡ് മീനുകള്‍ കാലില്‍ വന്നു ഇതു പോലെ കടിക്കുമായിരുന്നു. ഒരു നിമിഷം ഞാന്‍ ആ പഴയ കാലത്തിലേക്ക് പോയി. ആ മീന്‍ കടിക്കും എന്ന ഗണേഷ് ചേട്ടന്റെ ആക്രോഷം കേട്ടാണ് എന്റെ മനസ്സ് ബാംഗ്ലൂരിലോട്ട് തിരിച്ച് വന്നത്.

അതൊരു ഫൈറ്റര്‍ ഫിഷ് ആണെന്നും അതിന്റെ കൂടെ വേറെ മീനിനെ ഇട്ടാല്‍ അതിനെ ഇവന്‍ ശാപ്പിട്ട് കളയും എന്നും ഒക്കെ തട്ടി വിടുകയാണ് ഗണു ഭായി. ‘പിന്നേ ഈ ഊച്ചാളി മീനല്ലേ ഇത്തരം വില്ലത്തരങ്ങള്‍ കാട്ടുന്നെ. ഒന്നു പോ ഭായി…’ ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു. ഈ ഗണു ഭായി എന്നു പറഞ്ഞാല്‍ എന്റെ ഇരട്ടി വരും. ആതു കൊണ്ടാ ഉറക്കെ പറയാത്തത്. ‘എന്നാല്‍ അതിന്റെ വീരം കാണണമല്ലോ’ എന്നു അലമുറയിട്ട് കോണ്ട് കൊച്ചഛനും കൈ ഫിഷ് ടാങ്കിലോട്ട് മുക്കി. എവിടേ… ആ സോ കാള്‍ട് ഫൈറ്റര്‍ ഫിഷ് വീണ്ടും മുത്തുന്നു പോകുന്നു,മുത്തുന്നു പോകുന്നു പ്രോസസ്സ് തുടര്‍ന്നു കൊണ്ടേയിരുന്നു. ആ പാവം മീനിന്റെ മീനത്തത്തെ ചോദ്യം ചെയ്തിട്ട് കൊച്ചഛനും പിന്‍വാങ്ങി.

ഇതിനിടയില്‍ ചായ വന്നു. എല്ലാരും ചായ കുടിച്ചു. അപ്പോഴാണ് എന്റെ തലയില്‍ ഗുളികന്‍ ഉദിച്ചത്. ആ മീനിനെ കൊണ്ട് വിരലില്‍ ഒന്നു മുത്തിക്കണം. അങ്ങനെ പഴയ കാല ഓര്‍മ്മ പുതുക്കണം. ഞാനും എന്റെ വിരല്‍ ആ ഫിഷ് ടാങ്കില്‍ മുക്കി. ആ കൂതറ മീനിന് നോ മൈന്റ്. ‘ഒന്ന് പോടാപ്പാ. ഇത് കുറേ കണ്ടിട്ടുണ്ട് ’ എന്ന ലൈന്‍ . ‘ആഹാ അത്രയ്ക്കായോ?’. എന്റെ ഉള്ളിലെ ആത്മാഭിമാനി ഉണര്‍ന്നു. സുരേഷ് ഗോപിയുടെ അറിയാവുന്ന എല്ലാ തെറിയും മനസ്സില്‍ ഓര്‍ത്ത് കൊണ്ട്  ‘മുത്തെടാ പന്ന *$@$* മീനേ, മുത്ത് ’ എന്ന് അലറി കൊണ്ട് ഞാന്‍ ശക്തമായി വിരല്‍ ഒന്നിളക്കി. അത് കണ്ട് പേടിച്ചിട്ടാണെന്ന് തൊന്നുന്നു, ആ മീന്‍ ഭയചകിതനായി മെല്ലെ മെല്ലെ എന്റെ വിരല്‍ ഒന്നു മുത്തി. ‘അങ്ങനെ വഴിക്ക് വാ’ എന്ന് പറഞ്ഞു കൊണ്ട് വിജയശ്രീലാളിതനായി നില്‍ക്കുമ്പോളാണ് അതുണ്ടായത്. ആ മീന്‍ കുറച്ച് റിവേഴ്സ് എടുത്തിട്ട് അതിന്റെ മുഴുവന്‍ ശക്തിയോടെ തിരിച്ച് വന്ന് ഒരു കടി. ഞാന്‍ നോക്കുമ്പോള്‍ എന്റെ വിരലിന്റെ പകുതിയും അതിന്റെ വായിലാണ്. എന്റെ കൈ ഒരു മുഴു ഞെട്ടലോടെ വലിച്ചെടുക്കുമ്പോള്‍ ആ കൂതറ മീന്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ‘കുറേ നേരമായി വേണ്ടാ വേണ്ടാ എന്നു വയ്ക്കുമ്പോള്‍ , നീ കൊണ്ടേ പോകൂ അല്ലേടാ…’ എന്ന്.

അപ്പോഴേക്കും കൈയില്‍ നിന്നും രക്തം ചാടാന്‍ തുടങ്ങിയിരുന്നു. ദൈവമേ, ഇത്രയും കഷ്ടപ്പെട്ട് പഴയ കാലം ഓര്‍മ്മപ്പെടുത്തണമായിരുന്നോ? രക്തം കണ്ട് കെട്ടിയോള്‍ നിലവിളി തുടങ്ങിയിരിക്കുന്നു. കാന്താരി മുളക് അരിഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കൈ മുറിയും പോലത്തെ നീറ്റല്‍ ഉണ്ടെങ്കിലും ആത്മാഭിമാനം കാരണം ചമ്മല്‍ പുറത്ത് കാണിച്ചില്ല. ഒരു വളിച്ച ചിരി മുഖത്ത് ഫിറ്റ് ചെയ്ത് കൊണ്ട് കൈ കഴുകാന്‍ പൊയി. അങ്ങനെ ആ പാവം ഫൈറ്റര്‍ ഫിഷ് അതിന്റെ മീനത്തം തെളിയിച്ചിരിക്കുന്നു. നമ്മുടെ നാട്ടിലെ മീനുകളൊക്കെ എന്ത് പാവം. അല്ലേലും ബാംഗ്ലൂരിലെ മീനല്ലേ, കന്നഡക്കാരുടെ അഹങ്കാരം വന്നില്ലെങ്കില്ലല്ലേ അതിശയിക്കാനുള്ളൂ. കേരള നാടേ നിനക്കെന്റെ നമോവാകം. അങ്ങനെ കയ്യിലൊരു ബാന്റേജുമായി ഞങ്ങളുടെ ഒന്നാം വാര്‍ഷികദിനം അവസാനിച്ചു.

2050 അല്ലെങ്കില്‍ 2029!!!

ഇന്ന് പേപ്പറില്‍ കണ്ടു, 2050 വരെ എത്രയോ അളവ് carbon dioxide മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ… ഇല്ലേല്‍ എല്ലാം അലമ്പ് ആകും എന്ന്… എന്നാല്‍ കണക്കു പ്രകാരം ഇന്നത്തെ രീതി തുടര്‍ന്നാല്‍ 2029 ആകുമ്പോഴേക്കും ആ അളവ് എത്തും എന്നും വലിയ ബുജികള്‍ കണ്ടു പിടിച്ചിരിക്കുന്നു… അല്ല ഈ പറയുന്ന ബുജികള്‍ തന്നെ അല്ലെ പെട്രോളും ടീസലും ഉപയോഗിച്ച് വണ്ടി ഓടിക്കാന്‍ കണ്ടു പിടിച്ചേ… അന്ന് അതിനു പകരം വല്ല പുക ഇല്ലാത്ത വണ്ടികള്‍ ഒക്കെ കണ്ടു പിടിച്ചിരുന്നേല്‍് ഇന്ന് എത്ര കുറവ് ആയിരുന്നേനെ ഈ മലിനീകരണം. പെട്രോള്‍ വച്ച് വണ്ടി ഓടിക്കാന്‍ പറ്റും എന്ന് കണ്ടു പിടിച്ചത് ഏറ്റവും മികച്ച കണ്ടു പിടിത്തം ഒക്കെ തന്നെ. എന്നാലും പണ്ടുള്ളവര്‍ പറയും പോലെ അധികമായാല്‍ അമൃതും വിഷം എന്ന പോലെ ആരേലും എന്തേലും കണ്ടു പിടിച്ചാല്‍ അതിനെ ഓവര്‍ ആക്കാന്‍ കുറെ എണ്ണം ഉണ്ട്. ഈ പറയുന്ന ഞാന്‍ ഉള്‍പ്പെടെ.

എന്തായാലും ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അപ്പൊ എന്നത്തേക്ക് ലോകം തീരും എന്ന് കണ്ടു പിടിക്കാന്‍ സമയം കളയാതെ, ഇതിനു ഒരു പ്രതിവിധി കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൂടെ ഈ ലോകത്തിലെ ബുജിക്കൂട്ടങ്ങള്‍ക്ക്. പണ്ട് കെമിസ്ട്രിയില്‍ പഠിച്ചിട്ടുണ്ട് കാര്‍ബണും ഓക്സിജനും കൂടി ആണ് ഈ കാര്‍ബണ്‍ ടയോക്സൈട് ഉണ്ടാകുന്നെ എന്ന്. അപ്പൊ ഇതിനെ തമ്മില്‍ തെറ്റിച്ചിട്ട് ഓക്സിജന്‍ ഉണ്ടാക്കാന്‍ ഉള്ള വല്ല സൊനാപ്പും കണ്ടു പിടിച്ചാല്‍ ബാക്കി ഉള്ള കാലത്ത് ഓക്സിജന്‍ എങ്കിലും ശ്വസിച്ചു ജീവിക്കാമായിരുന്നു. എന്റെ ഒരു ചെറിയ ഐഡിയ ആണ് ഇത്. ഒരു ഐഡിയ ജീവിതം മാറ്റി മറിക്കും എന്നാണല്ലോ ഐഡിയ കമ്പനിയുടെ പ്രഖ്യാപനം. എന്ത് കൊണ്ട് ഇങ്ങനെ ഒരു വഴി ചിന്തിച്ചു കൂടാ.

ഇപ്പൊ എല്ലാരും ചോദിക്കും ആയിരിക്കും ‘എന്നാ പിന്നെ നിനക്ക് അങ്ങ് ഉണ്ടാക്കി കൂടെ എന്ന് ‘. ഏതോ ജന്മത്തില്‍ ചെയ്ത പുണ്യം കൊണ്ട് കെമിസ്ട്രി ഒക്കെ പ്രീ-ഡിഗ്രി കഴിഞ്ഞതോടു കൂടി നിര്‍ത്തി. അത് കൊണ്ട് കെമിസ്ട്രി അറിയാവുന്ന ആരേലും എന്നെങ്കിലും ഇത് വായിക്കാന്‍ ഇടയായാല്‍ ഇതിനോന്നു ശ്രമിച്ചു നോക്കണേ എന്ന് ക്ണാപ്പന്റെ അഭ്യര്‍ഥന. ഇതിനു എനിക്ക് പേറ്റന്റ്‌ ഒന്നും വേണ്ട എന്ന് കൂടി അറിയിക്കട്ടെ.

വാല്‍ കഷണം : ലോകത്തിലെ കുറെ ശാസ്ത്രന്ജരെന്കിലും ഇങ്ങനെ ഒരു കണ്ടു പിടിത്തം നടത്താന്‍ ശ്രമിക്കുകയായിരിക്കും എന്ന് ക്ണാപ്പന്‍് വിശ്വസിക്കുന്നു. അവര്‍ക്ക് എല്ലാ വിധ നന്മകളും നേരുന്നു. 🙂

നമസ്കാരം

ഈ ബൂലോകത്തിലെ എല്ലാവര്‍ക്കും നമസ്കാരം. ഒട്ടനവധി അതികായന്മാരുള്ള ഈ ലോകത്തില്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് അറിയില്ല… എന്നാലും ഒന്ന് ശ്രമിച്ചു നോക്കുകയാണ്. ഇംഗ്ലീഷിലുള്ള ബ്ലോഗില്‍ (devilsoldier.wordpress.com) പോസ്റ്റുകള്‍ ഇടാന്‍ പറ്റിയ അതേ ആത്മ വിശ്വാസത്തില്‍ തന്നെ ഇവിടെയും പോസ്റ്റുകള്‍ ഇടാന്‍ പറ്റും എന്ന വിശ്വാസത്തോടെ ഹരിശ്രീ കുറിക്കുന്നു… എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ നമസ്കാരം