നമ്മുടെ രാഷ്ട്രപിതാവ്

മൂന്നര വര്‍ഷത്തെ ഐ.ടി. ജീവിതത്തിനൊടുവില്‍ എനിക്ക് ഒരു ഓണ്‍സൈറ്റ് കിട്ടി. മൂഞ്ചിയ നഗരമായ മൂഞ്ചന്‍ എന്ന് ഇവിടുത്തുകാര്‍ വിളിക്കുന്ന മ്യൂണിച്ചില്‍ ഞാന്‍ എത്തിയത് പ്രോജക്ട് ചെയ്യാന്‍ വേണ്ടി എന്നായിരുന്നു വയ്പ്പ്. പക്ഷെ  ശ്രീനിവാസന്‍ പോള്‍ ബാര്‍ബറെ കണ്ട് പിടിക്കാന്‍ അമേരിക്കയില്‍ പോയത് പോലെയായിരുന്നു ഞാന്‍ വന്നത്. പ്രോജക്ട് ഒക്കെ അതിന്റെ വഴിയേ നടക്കും. എനിക്ക് മ്യൂണിച്ച് ഒക്കെ കാണണം, ചുറ്റണം എന്നൊക്കെ വിചാരിച്ചായിരുന്നു വന്നത്. പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. 33 ഡിഗ്രിയില്‍ ചുട്ട് പഴുത്ത് കൊണ്ടിരുന്ന തിരുവനന്തപുരത്ത് നിന്ന്  വന്ന എന്നെ വരവേറ്റത് -10 ഡിഗ്രിയില്‍ തണുത്തുറഞ്ഞ് കിടക്കുന്ന മ്യൂണിച്ചായിരുന്നു. ഇവിടെ കാലു കുത്തിയപാടെ വിറയ്ക്കാന്‍ തുടങ്ങി. എങ്ങ് നോക്കിയാലും വെളുത്തുറഞ്ഞ് കിടക്കുന്ന മഞ്ഞ് മാത്രം. ഈ കാലാവസ്ഥയില്‍ എവിടെ ചുറ്റാനാ, എവിടെ കറങ്ങാനാ. റൂമിലെ ഹീറ്ററിന്റെ ചൂടില്‍ നിന്നും പുറത്ത് ഇറങ്ങാതെ അകത്ത് തന്നെ നിന്ന് കറങ്ങാം. നമ്മുടെ നാടിന്റെ സൗന്ദര്യം അന്ന് ആദ്യം മനസ്സില്‍ വന്നു.

എന്തായാലും ഇങ്ങനെ ഇരുന്നാല്‍ ശരിയാകില്ല എന്ന് പറഞ്ഞ് നവീനെയും രാജേഷ് ചേട്ട്നേയും കൂട്ടി പണ്ട് ഒളിമ്പിക്സ് നടന്ന സ്ഥലത്തേക്ക് പോയി. അത് ഇപ്പോള്‍ ഒരു ടൂറിസ്റ്റ് സെന്റര്‍ ആണ്. പഴയ കളികള്‍ നടന്ന മൈതാനങ്ങളും, നീന്തല്‍ കുളങ്ങളും ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തിരിക്കുകയാണ്. ട്രെയിനിനു ജെര്‍മനില്‍ ബാണ്‍ എന്നാണു പറയുന്നത്. മുകളില്‍ കൂടെയും താഴെ കൂടെയും അതിന്റെ താഴെഹ് കൂടെയും പല തട്ടുകളില്‍ ആയി ബാണ്‍ ഓടി കൊണ്ടിരിക്കും. അങ്ങനെ രണ്ട് ബാണ്‍ മാറി കയറി ഒളിമ്പ്യസെന്റ്രം എന്ന്‍ അറിയപ്പെടുന്ന സ്ഥലത്ത് എത്തി. ട്രെയിനില്‍ ഇരുന്നപ്പോ നല്ല സുഖത്തില്‍ ഇരുന്നു. സ്റ്റേഷന്റെ എലിവേറ്റര്‍ കയറി മുകളില്‍ എത്തിയപ്പോ ആണ് കിടുങ്ങി തുടങ്ങിയത്. ഉള്ള തണുപ്പ് പോരാഞ്ഞ് മഴ കൂടി ചാറ്റുന്നു. ബാംഗ്ലൂരിലെ തണുപ്പില്‍ (തണുപ്പ്!!!) ഇടാറുണ്ടായിരുന്ന ഒരു ജാക്കറ്റ് മാത്രമാണ് ഞാന്‍ ഇട്ടിരിക്കുന്നത്. വരാനുള്ളത് വഴിയില്‍ തങ്ങാതെ ബാണ്‍ പിടിച്ചായാലും വരും എന്ന് പറഞ്ഞു കൊണ്ട് നമ്മള്‍ നടന്നു.

സ്റ്റേഷന്റെ തൊട്ടു വെളിയില്‍ ലോക പ്രശസ്ത കാര്‍ നിര്‍മാതാക്കള്‍ ആയ ബി.എം.ഡബ്ല്യു വിന്റെ ഹെഡ് ഓഫീസ് ആണ്. ഒരു ഗമണ്ടന്‍ കെട്ടിടം. അവിടെ തന്നെ അവരുടെ മ്യുസിയവും ഉണ്ടത്രേ. പണ്ട് തൊട്ടേ ഉള്ള അവരുടെ കാറുകളും എങ്ങിനുകളും ഒക്കെ പൊളിച്ചടുക്കി വച്ചിട്ടുണ്ട് എന്ന്. കയറാന്‍ വെറും 10 യൂറോ. പിന്നെ മ്യുസിയം, നമ്മള്‍ അത് എത്ര കണ്ടതാ. വേണ്ട എന്ന് പറഞ്ഞു നവീനെയും കൊണ്ട് നടന്നു. 10 യൂറോ മുടക്കാനുള്ള മടി കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത് എന്നാണ് മിസ്റ്റര്‍ നവീന്‍ പറഞ്ഞു നടന്നത്.

ബി.എം.ഡബ്ല്യു ഹെഡ് ഓഫീസ്

ബി.എം.ഡബ്ല്യു ഹെഡ് ഓഫീസ്

അവിടെ വലിയ ഒരു ലേക്ക് ഉണ്ട്. അവിടെ നല്ല രസം ആണ് എന്ന് പറഞ്ഞു കൊണ്ട് മ്യുനിചിന്റെ സ്വന്തം നവീന്‍ മുന്നേ നടന്നു. അവിടെയാണ് കയാക്കിംഗ്, കനോയിംഗ്, അങ്ങനെ നമ്മുടെ നാക്കിനു വഴങ്ങാത്ത പേരുള്ള വള്ളം കളികള്‍ നടന്നത്. എന്തായാലും ലേക്കിലെ വെള്ളത്തില്‍ ഒക്കെ ഒന്ന് ഇറങ്ങാം എന്നൊക്കെ വിചാരിച്ചു പോയ ഞങ്ങളെ വരവേല്‍റ്റത് തണുപ്പ് കാരണം ഐസ് ആയി കിടക്കുന്ന ഒരു വിശാലമായ ലേക്ക് ആയിരുന്നു. അവിടെ താറാവൊക്കെ ഉണ്ട്. താറാവ് എത്ര കുളം കണ്ടതാ എന്നാ മട്ടില്‍ ഐസിന്റെ മുകില്‍ കൂടെ കൂളായി നടക്കുന്നു. ആ കായലിനു ചുറ്റും ഉള്ള തീരത്തിന് ഒരു പ്രത്യേകത ഉണ്ട്. ലോക പ്രശസ്ത കലാകാരന്മാരും, കായിക താരങ്ങളും, മറ്റു ആള്‍ക്കാരും വന്നു, അവരുടെ കൈ അടയാളം സിമെന്റില്‍ പതിപ്പിച്ചിട്ടു പോകും. എല്ലാവരുടെയും പേരും എഴുതി വച്ചിട്ടുണ്ട്.

ഐസ് ആയി കിടക്കുന്ന തടാകം

ഐസ് ആയി കിടക്കുന്ന തടാകം

തടാകത്തിനു അപ്പുറം ഒരു കുന്നു പോലെ കാണുന്നില്ലേ, അതിന്റെ മുകളില്‍ കയറിയാല്‍ നല്ലതാണ് എന്നായി നവീന്‍. ഇവിടം വരെ നടന്നപ്പോള്‍ തന്നെ തണുത്ത് വിറയ്ക്കാന്‍ തുടങ്ങി. ഷൂസിന്റെ അകത്തു വരെ നനവ്‌ വന്നു. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്ന് വിചാരിച്ചു ഞങ്ങള്‍ കുന്നു ലക്‌ഷ്യം ആയി നടന്നു. ഏന്തി വലിഞ്ഞ്, തണുത്ത് വിറച്ച്, ശ്വാസം മുട്ടി നടത്തം തുടങ്ങി. നിറയെ കുറുക്കു വഴികള്‍ ഉണ്ട്. അവിടം മുഴുവന്‍ മഞ്ഞ് വീണു ഐസ് ആയി തെന്നി, ഞങ്ങള്‍ തിരുവനന്തപുരത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചറക്കലായി, കിടക്കുന്നു. ഇങ്ങനെ കഷ്ടപ്പെട്ട് ഞങ്ങള്‍ നടക്കുമ്പോള്‍ കുറെ സായിപ്പന്മാരും മദാമ്മമാരും വെറും ട്രാക്ക്സ്യൂട്ട് മാത്രം ഇട്ടു കൊണ്ട് ഓടുന്നു. ജോഗ്ഗിംഗ് ആണ് പോലും. പിടിച്ചു നിര്‍ത്തി കൂമ്പിനു ഇടിക്കാന്‍ ആണ് തോന്നിയത്. എന്നിട്ട് ഞങ്ങളെ കടന്നു പോയിട്ട്, ഒതുങ്ങി നടന്നു കൂടേടാ എന്നാ മട്ടില്‍ ഉള്ള നോട്ടവും. പിന്നെ നമ്മുടെ ദേഹത്ത് മണ്ണ്, സോറി മഞ്ഞ്, പറ്റേണ്ട എന്ന് വിചാരിച്ചു ഞങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്യാന്‍ പോയില്ല. അവരായി അവരുടെ പാടായി. അവസാനം വല്ല വിധേനയും ആ കുന്നിന്റെ മുകളില്‍ വലിഞ്ഞ് കയറി. നവീന്‍ പറഞ്ഞത് ശരി ആയിരുന്നു. അവിടെ നിന്നാല്‍ മ്യുണിചിന്റെ ഒട്ടു മിക്ക സ്ഥലവും കാണാം. ആ ഒളിമ്പിക് സെന്റെറിന്റെ മൊത്തത്തില്‍ ഒരു കാഴ്ചയും കിട്ടി. നല്ല ഒന്നാന്തരം കാറ്റ്. തണുപ്പ്, മഴ, അതിന്റെ കൂടെ കാറ്റും. എന്ത് രസം ആയിരുന്നു കാണും അല്ലെ. ഓടി വന്ന സായിപ്പന്മാര്‍ അവിടെ നിന്ന് സിഗററ്റ് വലിച്ചിട്ടു തിരിച്ചു ഓടുന്നു. നാറാണത്ത് ഭ്രാന്തന്റെ കഥ ആണ് എനിക്ക് അപ്പൊ ഓര്‍മ്മ വന്നത്.

ഇതാണ് ഒളിമ്പിക് സെന്റെര്‍

ഇതാണ് ഒളിമ്പിക് സെന്റെര്‍

കുറെ നേരം തണുപ്പ് കൊണ്ട് അവിടെ നിന്ന് ആവേശം മൊത്തം തീര്‍ന്നപ്പോള്‍ തിരിച്ചിറങ്ങാം എന്ന് വിചാരിച്ചു. കൈ എന്നൊരു വസ്തു ഉണ്ടോന്നു എന്ന് തന്നെ അറിയില്ല. അത്രയ്ക്ക് മരവിച്ചു ഇരിക്കുന്നു. അത് പോലെ തന്നെ മൂക്കും. മൂക്കൊലിപ്പ് തടയാന്‍ വേണ്ടി ഉണ്ടായിരുന്ന നല്ലൊരു മീശ എടുത്തു കളഞ്ഞിട്ടാണ് ഇവിടെ വന്നത്. തട ഇല്ലാത്തതു കാരണം മൂക്കൊലിപ്പ് നിര്‍ബാധം തുടര്‍ന്ന് കൊണ്ടേ ഇരുന്നു. മഞ്ഞ് വീണ് കിടക്കുന്ന താഴ്വരയിലൂടെ തടാകം ലക്ഷ്യമായി നടന്നു. ഹിമക്കരടി പോലെ ഇരിക്കുന്ന ഒരു പട്ടിയെയും കൊണ്ട് ഒരു ജെര്‍മന്കാരന്‍ നടക്കുന്നു. ഇവിടുത്തുകാര്‍ക്ക് പട്ടികളെ ഭയങ്കര ഇഷ്ടമാണ്. സ്വന്തം കുട്ടികളെക്കാളും പട്ടികളെയാണ് സ്നേഹം. അത് കൊണ്ട് തന്നെ നടക്കാന്‍ വരുന്ന ഒട്ടുമിക്ക ആള്‍ക്കാരും പട്ടികളെയും കൊണ്ടാണ് വരുന്നത്.

നടന്ന് കയറിയ വഴികള്‍ താണ്ടി തിരിച്ചിറങ്ങി വരുമ്പോഴാണ് ‘ബിയര്‍ഗാര്‍ഡന്‍’ എന്ന ബോര്‍ഡ് കണ്ടത്. മ്യൂണിച്ചില്‍ എങ്ങും കാണാന്‍ പറ്റുന്ന ഒരു ബോര്‍ഡ് ആണിത്. ലോകത്തിന്റെ ബിയര്‍ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന സ്ഥലമാണ് മ്യൂണിച്ച്. ഒക്ടോബര്‍ ഫെസ്റ്റ് എന്ന് പറഞ്ഞ് ബിയര്‍ അടിക്കാന്‍ വേണ്ടി മാത്രം ഇവിടെ ഉത്സവം തന്നെ ഉണ്ട്. ബിയര്‍ഗാര്‍ഡന്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ഈ മരം കോച്ചുന്ന തണുപ്പിലും തടി ബഞ്ചില്‍ ഇരുന്ന് ബിയര്‍ അടിക്കുന്ന ഒട്ടേറേ ആള്‍ക്കാര്‍. ഒക്ടോബര്‍ ഫെസ്റ്റിന്റെ സമയത്ത് ആയിരകണക്കിന് ആള്‍ക്കാര്‍ തിങ്ങി നിറഞ്ഞിരുന്ന് ബിയര്‍ അടിക്കുമെന്നാണ് കേട്ടത്. ചെറുപ്പക്കാരും പ്രായമായവരും അന്ന് അവിടെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ എതോ അന്യഗ്രഹത്തില്‍ നിന്നും വന്ന ജീവികളെ പോലെ എല്ലാരും നോക്കുന്നു. ഒരു 65 വയസ്സോളം തോന്നിക്കുന്ന ഒരു സായിപ്പ് നമ്മുടെ അടുത്ത് വന്നിരുന്നു. കണ്ടാലേ അറിയാം അടിച്ച് ഫിറ്റായി നില്‍ക്കുവാണ് കക്ഷി. പുള്ളി വന്നിരുന്ന് നമ്മളെ പരിചയപ്പെട്ടു. പുള്ളി റഷ്യാക്കാരന്‍ ആണെന്നും ഡ്രൈവര്‍ ആയിരുന്നു എന്നും പറഞ്ഞ് എന്തൊക്കെയോ പറയുന്നു. ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും, ഇന്ത്യാക്കാരെ ഒത്തിരി ഇഷ്ടമാണെന്നും ഒക്കെ. പക്ഷെ ലോകത്തിത് വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ 3 മഹാന്മാരില്‍ ഒന്നാണ് ഗാന്ധിജി എന്ന് സായ്പ് പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. മദ്യപിച്ചിട്ടാണെങ്കിലും അദ്ദേഹം പിന്നെ പറഞ്ഞ വാക്കുകള്‍ ശരിക്കും കണ്ണ് തുറപ്പിക്കുന്നവയായിരുന്നു. “നമുക്ക് യുദ്ധങ്ങള്‍ വേണ്ട… ആണവായുധങ്ങള്‍ വേണ്ട… നമുക്ക് വേണ്ടത് സമാധാനമാണ്… എല്ലാവര്‍ക്കും സമാധാനത്തോടെ സഹോദരങ്ങളായി കഴിഞ്ഞു കൂടെ? ഗാന്ധിജിയെയും മണ്ഡേലയെ പോലെയും ഉള്ള മഹാത്മാക്കള്‍ വീണ്ടും വീണ്ടും ജനിക്കണം…”. കുറച്ച് നേരം കൂടെ അവിടെ കഴിഞ്ഞിട്ട് ഞങ്ങള്‍ തിരിച്ച് നടന്നു. മനസ്സ് മുഴുവന്‍ ഗാന്ധിജി ആയിരുന്നു. ലോകം മുഴുവന്‍ ആദരിക്കുന്ന ആ മഹാനെ മനസ്സില്‍ നമിച്ച് കൊണ്ട് ഹോട്ടലിലേക്ക് വണ്ടി കയറി.

Advertisements