പ്രീ-ഡിഗ്രീ അത്ര മോശം ഡിഗ്രീ ഒന്നും അല്ല

എന്താന്നറിയില്ല. ഇപ്പൊഴത്തെ സ്‌കൂള്‍ പിള്ളാരെ കാണുമ്പോള്‍ സങ്കടം വരും. ഹൊ. ആ ബാഗും തൂക്കി യൂണിഫോറവും ഇട്ട് കടിച്ച് തൂങ്ങി നടക്കുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ പഠിക്കണ്ടേ. പ്ലസ് ടൂ എന്ന് പറഞ്ഞ്. അടുത്തിടയ്ക്ക് മാമന്റെ മോനെ കണ്ടപ്പോള്‍ അവന് എന്തെന്നില്ലാത്ത സന്തോഷം. കാര്യം ചോദിച്ചപ്പോളാണ് എനിക്ക് ആദ്യം പറഞ്ഞ സഹതാപം തോന്നിയത്. പുള്ളി പ്ലസ് ടൂ കഴിഞ്ഞ് നില്‍ക്കുവാണ്. കൂടാതെ ഇപ്പോഴത്തെ യോ യോ യൂത്ത് ടൈപ്പും ആണ് അവന്‍ . ഇത്രയും നാള്‍ യൂണിഫോറം ഇട്ട് വിമ്മിട്ടപ്പെട്ട് ഇരിക്കുവായിരുന്നു ആശാന്‍ . ഇനിയെങ്കിലും യോ യോ ടൈപ്പില്‍ ലോ വൈസ്റ്റും ഇട്ട് പുറകിലെ കാണിക്ക വഞ്ചിയും കാണിച്ച് നടക്കണം. അതിന്റെ സന്തോഷത്തിലാണ്. അത് കേട്ടപ്പോഴാണ് പ്രീ ഡിഗ്രീ മാറ്റിയത് കൊണ്ട് ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്തോരം നഷ്ടമാണ് ഉണ്ടായത് എന്ന് മനസ്സിലായത്.

ദൈവത്തിന്റെ കൃപ കൊണ്ട് പ്രീ-ഡിഗ്രീക്ക് പഠിക്കന്നുള്ള ഭാഗ്യം എനിക്കുണ്ടായി. പ്രീ-ഡിഗ്രീ നിര്‍ത്തിയ അവസാനത്തതിന്റെ തൊട്ട് മുന്നത്തെ ബാച്ച്. പ്ലസ് ടൂവിനും പ്രീ ഡിഗ്രീക്കും ഇന്റര്‍വ്യൂ ഒരേ ദിവസം ആയതും തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പ്ലസ് ടൂവിന് ചേര്‍ക്കാന്‍ കൊണ്ട് പോയ അച്‌ഛനെ ബ്രയിന്‍ വാഷ് ചെയ്ത് പാളയത്ത് വച്ച് റൂട്ട് മാറ്റി വിട്ട് കേരളമാകെ സുപ്രസിദ്ധവും കുപ്രസിദ്ധവുമായ കേശവദാസപുരം എം.ജി.കോളേജില്‍ അഡ്മിഷന്‍ എടുത്തതും മേല്‍ പറഞ്ഞ സ്വാതന്ത്ര്യം രണ്ട് വര്‍ഷം മുന്‍പേ ആസ്വദിക്കാനുള്ള ആവേശം ഒന്ന് കൊണ്ട് മാത്രം ആയിരുന്നു. എത്ര നല്ല പിള്ളയും പ്രീ-ഡിഗ്രീക്ക് ചേര്‍ന്ന് കഴിഞ്ഞ് തുലഞ്ഞ് പോകും എന്ന് പണ്ടേ നാട്ടില്‍ ഒരു മിഥ്യാധാരണ ഉണ്ടായിരുന്നു. അക്കാരണം കൊണ്ടാണ് എന്നെ പ്ലസ് ടൂവിന് ചേര്‍ക്കാന്‍ ഉള്ള തീരുമാനം ഹൈ കമാന്റ് കൂടി വര്‍ക്കിങ്ങ് കമ്മിറ്റി ചെയര്‍ മെമ്പേഴ്സ് ആയ അച്‌ഛനും അമ്മയും കൂടെ എടുത്തത്. മകനെ പ്ലസ് ടൂവിന് ചേര്‍ക്കാന്‍ കൊണ്ട് പോയ അച്‌ഛന്‍ അവനെ പ്രീ-ഡിഗ്രീക്ക് ചേര്‍ത്തിട്ട് വരുന്ന രംഗം കണ്ടാല്‍ ഏത് പെറ്റ വയറിനാണ് സഹിക്കുക. അതും എം.ജി.കോളേജില്‍. ഒടുവില്‍ എം.ജി.കോളേജിന്റെ മാഹാത്മ്യങ്ങളെ പുകഴ്ത്തി അച്‌ഛന്‍ തല ഊരി. എന്നിട്ട് ‘നിനക്ക് മതിയായോടാ’ എന്ന ടൈപ്പില്‍ എന്നെ ഒരു നോട്ടവും.

അങ്ങനെ വിജയശ്രീലാളിതനായി ഒട്ടും മോശമല്ലാത്ത ഡിഗ്രീയായ പ്രീ-ഡിഗ്രീ പഠന കാലം തുടങ്ങി. അഭി, അനീഷ്, വിമല്‍ , അമല്‍ , ലോയ്‌ഡ്, ഇര്‍വിന്‍ പിന്നെ ഞാനും അടങ്ങുന്ന ഒരു കൂതറ ഗ്യാങ്ങും ഉണ്ടാക്കി. പത്താം ക്ലാസ്സ് വരെ സ്‌കൂളില്‍ യൂണിഫോമും ടൈയും ഒരു ലോഡ് പുസ്തകവും ടീച്ചര്‍മാരുടെ കൈയില്‍ നിന്നുള്ള അടിയുമായി കഴിഞ്ഞിരുന്ന ആ നരക യാതനയില്‍ നിന്നുള്ള സ്വാതന്ത്ര്യം അങ്ങോട്ട് അര്‍മാദിച്ച് തീര്‍ക്കണം എന്ന തീരുമാനവും ഞങ്ങള്‍ എടുത്തു. അങ്ങനെ രസാവഹമായ ഒരു രണ്ട് വര്‍ഷം ആരംഭിച്ചു.

ദിവസവും രാവിലെ ട്യൂഷന്‍ കഴിഞ്ഞ് കേശവദാസപുരം ബസ്സില്‍ 50 പൈസ എസ്.ടിയുമെടുത്ത് ഫുട്ബോര്‍ടില്‍ തൂങ്ങിയാടി, വഴിയില്‍ കാണുന്ന എല്ലാ പെണ്ണുങ്ങളെയും ‘എറിഞ്ഞ്’ആഘോഷത്തോടെയുള്ള യാത്ര. അതൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോഴും കുളിരു കോരും. അന്നോക്കെ ഒറ്റ കൈയില്‍ തൂങ്ങി യാത്ര ചെയ്ത് രസിച്ച ഞാന്‍ ഇപ്പോ ബസ്സിന്റെ ഫുട്ബോര്‍ഡില്‍ പോയിട്ട് ബസ്സില്‍ തന്നെ യാത്ര ചെയ്യാന്‍ കൂടി മടിക്കുന്നു. 😦 എന്നും കൃത്യം ഒമ്പതരയ്ക്ക് തന്നെ കോളേജില്‍ ഹാജരാകും. എം.ജി.കോളേജില്‍ ഒരു പ്രത്യേകത ഉണ്ടായിരുന്നു. രാവിലെ പ്രാര്‍ഥനയ്ക്ക് പകരം ജന ഗണ മന ആണ് ഇടുക. എ.ബി.വി.പി. ഭരിക്കുന്നതിന്റെ ഓരോ വേലകള്‍ . എന്തായാലും ദേശീയ ഗാനം കേട്ട് കഴിഞ്ഞാല്‍ ഉടനെ തന്നെ ഞങ്ങള്‍ തിരിച്ചിറങ്ങും. ആരുടെയെങ്കിലും വീട്ടിലോട്ട്. പ്രീ-ഡിഗ്രീക്ക് പഠിച്ചിട്ട് ദിവസവും ക്ലാസ്സില്‍ കയറുക എന്ന് പറഞ്ഞാല്‍ അതില്‍ പരം നാണകേട് വേറെ ഇല്ല എന്നതായിരുന്നു അന്നത്തെ എല്ലാരുടേയും പോളിസി. പ്രാക്ടിക്കല്‍ ചെയ്യാന്‍ മാത്രം കൃത്യമായി ലാബില്‍ ഹാജരാകും. കാരണം ഒരിക്കല്‍ അത് മിസ്സ് ആയാല്‍ പിന്നെ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ആഴ്ചയില്‍ ഫിസിക്സ് ലാബും കെമിസ്ട്രി ലാബും മാത്രം കോളേജില്‍ ഹാജര്‍ കാണും. ബാക്കി സമയങ്ങളില്‍ എന്റെ വീട്ടിലെ കമ്പ്യൂട്ടറില്‍ എന്തേലും വേലത്തരങ്ങള്‍ ( 😉 ) കാണിച്ചോ, അല്ലെങ്കില്‍ ഇര്‍വിന്റെ വീടിന്റെ അടുത്തുള്ള ഗ്രൌണ്ടില്‍ പോയി ക്രിക്കറ്റ് കളിച്ചോ അതുമല്ലേങ്കില്‍ ഏതെങ്കിലും തീയറ്ററില്‍ സിനിമയക്ക് പോയോ ചിലവിടും.

ഇങ്ങനെ നടന്ന് നടന്ന് ആദ്യ വര്‍ഷ ഓണപ്പരീക്ഷ വന്നു. ജീവിതത്തില്‍ ആദ്യമായി തുണ്ട് വച്ച് പരീക്ഷ എഴുതിയതും അപ്പോഴായിരുന്നു. ജോലിക്ക് കയറുന്നത് വരെ നിര്‍ത്താത്ത കോപ്പിയടി. ഓണാവധി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് പുതിയ അറിയിപ്പ്. ഓണപ്പരീക്ഷയുടെ പേപ്പര്‍ വാങ്ങാന്‍ സ്റ്റാഫ് റൂമില്‍ പോകാനുള്ള ഉത്തരവ്. അവരവരുടെ ടീച്ചര്‍മാരെ കണ്ട് പേപ്പര്‍ വാങ്ങി പോകാന്‍ പറഞ്ഞപ്പോഴാണ് അതിന് പിന്നിലെ ചതി മനസ്സിലാകുന്നത്. ഏതൊക്കെ ടീച്ചര്‍മാരാണ് പഠിപ്പിക്കുന്നതെന്ന് അറിയണമെങ്കില്‍ ക്ലാസ്സില്‍ കയറണ്ടെ. ലാബ് നടത്തുന്ന സാറന്മാരെ അറിയാം, പക്ഷെ അവരല്ല ക്ലാസ്സ് എടുക്കുന്നതെന്ന്. ആകെ മൊത്തം കലുങ്കുഷിതമായ അന്തരീക്ഷം. അവസാനം ഒരു ബുജി ചെറുക്കനോട് (എം.ജി.കോളേജിലും ബുജിയോ എന്നു ചോദിക്കാ‍ന്‍ വരട്ടെ. കുറച്ച് കരിങ്കാലികളും ഉണ്ടായിരുന്നു അവിടെ) ചോദിച്ച് എല്ലാ ടീച്ചര്‍മാരുടേയും പേരുകള്‍ എഴുതിയെടുത്തു.

നേരെ പോയത് മാത്‌സ് സ്റ്റാഫ്‌റൂമിലേക്കാണ്. അഭിയും അനീഷും എല്ലാം കൂടെ ഉണ്ട്. നമ്മുടെ ടീച്ചറുടെ പേര് ലിസ്റ്റില്‍ നോക്കി ഹൃദിസ്ഥമാക്കി. (സത്യം പറഞ്ഞാല്‍ ഇപ്പോഴും അവരുടെ പേര് എനിക്കറിയില്ല, അത് കൊണ്ട് ഞാന്‍ ശ്രീദേവി ടീച്ചര്‍ എന്ന് വിളിക്കുന്നു) ആദ്യം കയറി ചെന്നത് ഞാനായിരുന്നു. നോക്കിയപ്പോള്‍ ഒരു 10 ടീച്ചര്‍മാരെങ്കിലും ഉണ്ട് അവിടെ. ഇതില്‍ ശ്രീദേവി ടീച്ചര്‍ ആരാണ് എന്ന് എങ്ങനെ അറിയും. ഫുള്‍ കണ്‍ഫ്യൂഷന്‍ ആയി. എതേലും ടീച്ചര്‍മാരോട് ചെന്ന് ചോദിക്കാന്‍ പറ്റുമോ ശ്രീദേവി ടീച്ചര്‍ ആരാണെന്ന്. തോല്‍‌വി സമ്മതിച്ച് തിരിച്ചിറങ്ങി. പേര് പറഞ്ഞ് തന്ന ബുജിയോട് തന്നെ ചോദിച്ചു. അവന്‍ ജനാലയിലൂടെ ആളെ കാണിച്ച് തന്നു. കവിയൂര്‍ പൊന്നമ്മയെ പോലെ ഒരു സ്‌ത്രീ. ഇവരോ നമ്മുടെ കണക്ക് ടീച്ചര്‍ ?

വീണ്ടും കയറി ചെന്നു. നമ്മുടെ ക്ലസ്സിലെ വിരലില്‍ എണ്ണാവുന്ന പെണ്‍കിളികളില്‍ രണ്ട് മൂന്ന് പേര്‍ ഭയങ്കര ഡൌട്ട് ചോദിപ്പുമായി അവിടെ നില്‍പ്പുണ്ട്. ഈ ഒരവസ്ഥയില്‍ കയറി ചെല്ലണോ എന്ന് ശങ്കിച്ച് നിന്നു. വന്ദനത്തില്‍ മാല പറിക്കാന്‍ വേണ്ടി മുകേഷിനെ തള്ളിവിടുന്ന ലാലേട്ടനെ പോലെ അഭിയും അനീഷും വിമലും ഒക്കെ വാതില്‍ക്കല്‍ നിന്നു തള്ളിവിടുകയാണ്‍. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ടീച്ചറിന്റെ അടുത്ത് ചെന്നു പറഞ്ഞു ഓണപ്പരീക്ഷയുടെ പേപ്പര്‍ വേണമെന്ന്. ഒരു അന്യഗൃഹ ജീവിയെ കണ്ടപോലെ ടീച്ചര്‍ എന്നെ തറപ്പിച്ച് ഒന്നു നോക്കി. ‘ഇയാളോ, ഫസ്റ്റ് പി.ഡി.സി യോ???’ എന്ന ഭാവത്തിലുള്ള നോട്ടം.

‘എന്താ പേര്‍?’ ആദ്യത്തെ ചോദ്യം വന്നു.
‘അനൂപ്’.
‘10 അനൂപ് എങ്കിലും ഉണ്ട് ക്ലാസ്സില്‍. ഏത് അനൂപാണ്‍?’ (കണ്ട അണ്ടനും അടകോടനും അനൂപ് എന്ന് പേരിട്ടതിന്റെ ഓരോരോ ബുദ്ധിമുട്ട്)
‘അനൂപ്.പി.കെ. റോള്‍ നം : 69’
‘ഫസ്റ്റ് പി.ഡി.സി തന്നെ ആണോ? അതോ ക്ലാസ്സ് തെറ്റിയതാണോ?’
‘ഇല്ല ടീച്ചര്‍ . ഫസ്റ്റ് പി.ഡി.സി തന്നെ ആണ്.’
‘ഇത് വരെ ക്ലാസ്സില്‍ കണ്ടിട്ടേയില്ലല്ലോ? സെക്കന്റ് ഗ്രൂപ്പ് ആണോ? ഇത് മാത്‌സ് ഡിപ്പാര്‍ട്ട്മെന്റ് ആണ്.’

ക്ലാസ്സില്‍ നിന്നുള്ള കിളികള്‍ സിനിമയില്‍ അനാവശ്യമായി ചിരിക്കും പോലെ, ക ക്ക ക്ക എന്ന് പറഞ്ഞ് ഭയങ്കര ചിരി. ‘കൂടുതല്‍ ചിരിക്കണ്ടെടീ ‌‌‌‌‌‌ഡാഷ് മക്കളെ. നിങ്ങള്‍ എന്റെ മാര്‍ക്ക് കണ്ട് നോക്ക്. അപ്പോ തീരും നിന്റെയൊക്കെ ചിരി’ എന്ന് മനസ്സില്‍ കോറിയിട്ടു.

‘ഫസ്റ്റ് ഗ്രൂപ്പ് തന്നെയാണ് ടീച്ചര്‍ . ടീച്ചര്‍ പേപ്പര്‍ നോക്കി നോക്കൂ.’
‘മ്മ്. നോക്കട്ടെ.’

ടീച്ചര്‍ ഒരു കുട്ട പേപ്പര്‍ എടുത്ത് വച്ച് അതില്‍ എന്റെ പേപ്പര്‍ തപ്പി തുടങ്ങി. ഇത്രയും മാത്രം എഴുതി കൂട്ടിയത് ഏവന്മാരെടെയ് എന്ന് അന്തം വിട്ട് നില്‍ക്കുന്നതിനിടെ ടീച്ചര്‍ എന്റെ പേപ്പര്‍ പൊക്കി എടുത്തു. 4 പുറങ്ങളില്‍ എഴുതി കെട്ടി വച്ച ഒരു പാവം പേപ്പര്‍ . ‘ശെടാ ഞാന്‍ ഇത്രയേ എഴുതിയുള്ളുവോ?’. ടീച്ചര്‍ മാര്‍ക്ക് കൂട്ടിയിട്ടില്ല. പേപ്പര്‍ മറിച്ച് കൂട്ടാന്‍ തുടങ്ങി. ‘പേപ്പര്‍ എങ്ങാനും മിസ്സ് ആയിപ്പോയോ? നാല് പുറമേ ഉള്ളൂ’ എന്ന ടീച്ചറിന്റെ ചോദ്യം ഞാന്‍ കേട്ടില്ല എന്ന് നടിച്ചു. ഞാനും കിളികളും പുറത്ത് അഭിയും പരിവാരങ്ങളും അക്ഷമരായി നോക്കി നില്‍ക്കുവാണ്. വളരെ പെട്ടെന്ന് തന്നെ ടീച്ചര്‍ കൂട്ടി കഴിഞ്ഞു എന്നിട്ട് എന്റെ നേരെ തിരിഞ്ഞ് ഒരു ചോദ്യം. ‘പേപ്പര്‍ ഒക്കെ തരാം. അതിന് മുന്നെ ഒരു സിമ്പിള്‍ കണക്ക് ചോദിക്കാം. 1+2 എത്രയാണ്?’. ‘കളിയാക്കണ്ട ടീച്ചറെ കുറേയൊക്കെ കണക്ക് ഞാനും പഠിച്ചിട്ടുണ്ട്’ എന്ന് മനസ്സില്‍ പ്രഖ്യാപിച്ച് കൊണ്ട് ഞാന്‍ ഉത്തരം പറഞ്ഞു. ‘3’.

എന്റെ നേരെ പേപ്പര്‍ നീട്ടി കൊണ്ട് ടീച്ചര്‍ മൊഴിഞ്ഞു :  ‘കറക്ട്. വെരി ഗുഡ്. അത് തന്നെയാ മാര്‍ക്കും.’ വിശ്വാസം വരാതെ ഞാന്‍ പേപ്പറിലോട്ട് നോക്കി. ശരിയാണ്. 3 മാര്‍ക്ക്. എന്തേ കുറഞ്ഞ് പോയി എന്നല്ല ഞാന്‍ അത്ഭുതപ്പെട്ടത്. 3 മാര്‍ക്ക് എങ്ങനെ കിട്ടി എന്നായിരുന്നു എന്റെ ആലോചന. മിസ്റ്റര്‍ ബീനിലെ ബാക്‌ഗ്രൌണ്ട് ചിരി പോലെ കിളികള്‍ നിര്‍ത്താതെ ചിരിച്ച് അര്‍മാദിക്കയാണ്. ടീച്ചറിന്റെ മുഖഭാവം കണ്ടപ്പോഴേ മനസ്സിലായി അടുത്ത് എന്തൊക്കേയോ ഉപദേശിക്കാന്‍ ഉള്ള പുറപ്പാടാണ്‍. പിന്നെ നിന്നില്ല. ‘താങ്ക്യു ടീച്ചര്‍ ’ എന്ന് ആരോ കേള്‍ക്കാന്‍ വേണ്ടി പറഞ്ഞിട്ട് ഒരോട്ടം. എന്റെ അനുഭവം കേട്ട ബാക്കി പരിവാരങ്ങള്‍ പരീക്ഷ പേപ്പര്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. അപ്പോഴും ക ക ക്ക ചിരി എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു.

ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു പരീക്ഷയ്ക്ക് തോല്‍ക്കുന്നത് അന്നായിരിന്നു. പിന്നെയൊരിക്കലും ആ നല്ല ടീച്ചറിനെ കൊണ്ട് അങ്ങനെ പറയിപ്പിക്കാനുള്ള ഇട ഞാന്‍ കൊടുത്തിട്ടില്ല. ഒരു വഴക്ക് കൊണ്ട് ഞാന്‍ നന്നായി എന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ വെരി സോറി. നിങ്ങള്‍ക്ക് തെറ്റിപ്പോയി. പിന്നീടൊരിക്കലും ക്ലാസ്സിലോ, പേപ്പര്‍ വാങ്ങാനോ, കോളേജില്‍ വായും നോക്കി നടക്കുന്നതിനിടയിലോ ആ ടീച്ചറെ ദൂരെ നിന്ന് പോലും കണ്ട് മുട്ടിയിട്ടില്ല. 😛 എന്റെ ജീവിതത്തിലെ സുവര്‍ണ്ണ യുഗത്തിലെ മറ്റൊരു ഏട്.

Advertisements

5 പ്രതികരണങ്ങള്‍

  • ദിവസവും രാവിലെ ട്യൂഷന്‍ കഴിഞ്ഞ് ….
   എന്നും കൃത്യം ഒമ്പതരയ്ക്ക് തന്നെ കോളേജില്‍ …
   …ചോദിച്ച് എല്ലാ ടീച്ചര്‍മാരുടേയും പേരുകള്‍ എഴുതിയെടുത്തു.
   കിളികള്‍ നിര്‍ത്താതെ ചിരിച്ച് അര്‍മാദിക്കയാണ്.

   കോരിത്തരിച്ചു പോയി. ഹോ എന്തൊരു ധീരത…

   me : 🙂

 1. “….ജോലിക്ക് കയറുന്നത് വരെ….” haha athenikkishtaaayi !!!!

  ഹി ഹി ഞാന്‍ പറഞ്ഞതില്‍ എന്തേലും കറക്റ്റ് ഉണ്ടോ?? ശെരി അല്ലെ… നമ്മള്‍ ഒരുമിച്ചു ഐ-ഫ്ലെക്സിന്റെ പരീക്ഷ വരെ കോപ്പി അടിച്ചില്ലേ?

 2. അനൂപേ 12 വര്‍ഷങ്ങള്‍ പുറകിലേക്ക് പോയപോലെ.അന്നത്തെ അനുഭവങ്ങളും തമാശകളും ഇന്നും മനസ്സില്‍ തങ്ങി നില്കുന്നു .
  നിനക്ക് 3 മാര്കെങ്കിലും കിട്ടി,എനിക്ക് മൊട്ടായ കിട്ടിയേ.
  അനൂപേ 12 വര്‍ഷങ്ങള്‍ പുറകിലേക്ക് പോയപോലെ.അന്നത്തെ അനുഭവങ്ങളും തമാശകളും ഇന്നും മനസ്സില്‍ തങ്ങി നില്കുന്നു .
  നിനക്ക് 3 മാര്കെങ്കിലും കിട്ടി,എനിക്ക് മൊട്ടായ കിട്ടിയേ.
  എന്നെ ക്രൂര്‍ സിംഗ് പൊക്കി ക്ലാസ്സില്‍ കൊണ്ടാക്കി,ഞാന്‍ ഹിസ്റ്ററി ടിപാര്‍ത്മെന്റിനു അടുത്ത ക്ലാസ്സിലേക്ക് കയറി ചെന്ന്,അപ്പോഴ അറിയുന്നെ 3 മാസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ക്ലാസ്സ്‌ കോമ്മെര്‍സ് ബ്ലോക്കിലേക്ക് മാറ്റിയെന്നു. ക്രൂര്‍ സിംഗ് ഒന്നും മിണ്ടിയില്ല,ആ മൌനത്തില്‍ ഉണ്ടായിരിന്നു എല്ലാം.

  🙂 സോറി… ക്രൂര്‍ സിംഗിനെ പട്ടി പറയാന്‍ വിട്ടു പോയി. കമന്റിനു നന്ദി.

 3. good, i was moving before 20 years

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: