നാനു കന്നഡ മാത്താടിത്തീനീ…

എനിക്ക് തീരെ ചെറിയതല്ലാത്ത ഒരു അഹങ്കാരം ഉണ്ടായിരുന്നു. എവിടെ ചെന്നാലും അവിടുത്തെ ഭാഷ പഠിച്ചെടുക്കും എന്ന അഹങ്കാരം. പറഞ്ഞത് കേട്ടാല്‍ തോന്നും ലോകം മൊത്തം ചുറ്റി അടിച്ച് സ്പാനിഷും ജെര്‍മനും ഒക്കെ പഠിക്കുവാണെന്ന്. ഞാന്‍ നമ്മുടെ ഇന്ത്യയിലെ കാര്യമാണ് പറഞ്ഞത്. പാസ്പ്പോര്‍ട്ടും അതില്‍ വിസയുമൊക്കെ ഉണ്ടെങ്കിലും ഒരു എയര്‍പോര്‍ട്ടിലെ സീല്‍ വീഴാനുള്ള ഭാഗ്യം എന്റെ പാസ്പ്പോര്‍ട്ടിന് ഇത് വരെ കിട്ടിയിട്ടില്ല. ചെന്നൈയില്‍ ആയിരുന്നപ്പോള്‍ തമിഴ് എഴുതാനും വായിക്കാനും പേശുവാനും പഠിച്ചു. അതും വെറും 4 മാസം കൊണ്ട്. തിരുവന്തോരം ആയത് കൊണ്ട് അതിന്റെ ഒരു ബെയിസ് ഉണ്ടായിരുന്നു എന്ന് വച്ചോ. പക്ഷെ തെണ്ടിപോയത് സോഫ്റ്റ്‌വെയര്‍ സിറ്റിയായ ബംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു. സ്വന്തം ഭാഷയെ ഇത്രയേറെ സ്നേഹിക്കുന്നവര്‍ തീരെ കുറവായിരിക്കും. സ്വന്തമായി കൊടി വരെയുള്ള ഈ ഡെക്കാന്‍ പീഠഭൂമിയില്‍ എതോ പൂര്‍വ്വജന്മ പാപം കൊണ്ടെന്ന പോലെ എത്തി ചേര്‍ന്ന ഞാന്‍ , അവരുടെ ഭാഷ കേട്ടപ്പോള്‍ വായും തുറന്ന് അന്തം വിട്ട് നിന്നു പോയി. തമിഴ് പഠിച്ച പോലെ ഇതും ഇപ്പോ അങ്ങ് ഒലത്തി കളയാം എന്ന് വിചാരിച്ചു. പക്ഷെ ഏറെ താമസിയാതെ തന്നെ ആ വിചാരം തെറ്റായിരുന്നു എന്ന് മനസ്സിലായി.

കുറേ വഴികള്‍ ശ്രമിച്ച് നോക്കി. കന്നഡ ചാനലുകള്‍ കണ്ടു നോക്കി. കന്നഡ സിനിമ കണ്ട് നോക്കി. എവടെ. ഒരു രക്ഷയുമില്ല. അവസാനം കുറേ നിഗമനങ്ങളില്‍ എത്തി. കന്നഡയില്‍ കുറേ വാക്കുകള്‍ ഉണ്ട്. അതെല്ലാം കൂടെ ചേര്‍ത്ത് അതിന്റെ ഇടയില്‍ തമിഴും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ കലര്‍ത്തി പറഞ്ഞാല്‍ മതി. ഉദാഹരണത്തിന് അര കിലോ പഴം വേണമെങ്കില്‍ ‘ആഥാ കിലോ ബനാന ബേക്കു’ എന്ന് പറഞ്ഞ് തടി തപ്പിയാല്‍ മതി. ബേക്കു (വേണം), മാടി (ചെയ്യുക), കൊടി(തരൂ), പിന്നെ മലയാളത്തിലെ ഒരു ഏ ക്ലാസ്സ് തെറി എന്ന് തോന്നിക്കുന്ന ഒരു വാക്ക് അങ്ങനെ കുറേ ജനറലായ വാക്കുകള്‍ . അങ്ങനെ തക്കിട തരികിട മുറി കന്നഡ വച്ച് ജീവിച്ച് വരികയായിരുന്നു. അവസരം കിട്ടുമ്പോള്‍ ഒക്കെ കന്നഡ മാത്താടാന്‍ (പറയാന്‍ ) ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ ജന്മത്തില്‍ ചെയ്ത എതോ പുണ്യം കാരണം ഇതു വരെ അടിയൊന്നും കിട്ടാതെ അങ്ങ് ജീവിച്ച് പോന്നു.

അങ്ങനെയിരിക്കുമ്പോള്‍ ആണ് കുറച്ച് നാള്‍ മുന്‍പ് വെള്ളം കുടിക്കാന്‍ വേണ്ടി ഓഫീസിലെ പാന്‍‌ട്രിയില്‍ പോയത്. കൂളറില്‍ നോക്കിയപ്പോള്‍ വെള്ളം വരുന്നില്ല. പാന്‍‌ട്രിയുടെ ആള്‍ ഇന്‍ ആളായ ഒരു ചെറുക്കന്‍ അവിടെ ഒരു മൂലയില്‍ ചൊറിയും കുത്തി ഉറക്കം തൂങ്ങി നില്‍ക്കുന്നുണ്ട്. അവന്‍ കന്നഡക്കാരന്‍ ആയിരുന്നു എന്ന് ഊഹിക്കാല്ലോ… സ്വാഭാവികം. അവനോട് വെള്ളം തീര്‍ന്നു എന്ന് പറയണം. അതിന് വേണ്ടിയുള്ള സ്ക്രിപ്റ്റ് റൈറ്റിങ്ങ് ഒക്കെ മനസ്സില്‍ പെട്ടെന്ന് നടത്തി. ‘വെള്ളം = നീരു’ ‘തീര്‍ന്നു = ഗാലി’ പിന്നെ ചുമ്മാ ഒരു ‘ഇതെ’ എന്നൊരു വാക്കും. സ്ക്രിപ്റ്റ് റെഡി. രണ്ടും കല്‍പ്പിച്ച് അവനോട് മാത്താടി. ‘നീരു ഗാലി ഇതെ, ഗുരോ…’. (ഇവിടെ ചുമ്മാ ആരോട് സംസാരിച്ചാലും ഒരു ‘ഗുരോ’ ചേര്‍ക്കും.) ഇത് കേള്‍ക്കേണ്ട താമസം അവന്‍ ഓടി പുതിയ വെള്ളത്തിന്റെ കാന്‍ എടുത്ത് വച്ചു. അടുത്ത അക്രമം വന്നു എന്റെ വക. ‘നന്ദി ഗുരോ’. നന്ദി എന്നൊരു വാക്ക് കന്നഡ ഡിക്ഷണറിയില്‍ ഉണ്ടോ എന്നു കൂടി അറിയില്ല.

പക്ഷെ എന്റെ കണക്ക് കൂട്ടല്‍ ഒക്കെ തെറ്റിച്ച് കൊണ്ട് അവന്‍ തിരിച്ച് മാത്താടി തുടങ്ങി. ന്യൂഡെല്‍ഹി-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് പോലെ, നോണ്‍-സ്‌റ്റോപ്പായി മുടിഞ്ഞ ഫാസ്റ്റില്‍ ഒടുക്കത്തെ കന്നഡ. അവന്‍ എന്നോട് ചോദ്യം ചോദിക്കുകയാണോ, തെറി വിളിക്കുകയാണോ, അതോ കുശലം പറയുകയാണോ എന്നു തിരിച്ചറിയാനാകാതെ ഞാന്‍ പകച്ച് നിന്നു. എന്റെ ഭാഗത്ത് നിന്നും ശ്രീനിവാസന്‍ സൈറ്റലില്‍ മൂളലും പിന്നെ ചിരിയും മാത്രം. തേന്മാവിന്‍ കൊമ്പത്തില്‍ ആദിവാസികളുടെ ഇടയില്‍ പെട്ട് ‘കുത്തിയിരിക്കാതെ എണീറ്റ് പോ അമ്മച്ചി’ എന്ന അവസ്ഥയിലായി ഞാന്‍ . മനസ്സില്‍ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് ഇനി മേലാല്‍ കന്നഡ മാത്താടില്ല എന്നു സത്യമിട്ട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായിട്ടാണോ അതോ ‘ലേലു അല്ലു’ എന്ന് പറയാന്‍ നില്‍ക്കുന്ന മാതിരിയുള്ള എന്റെ നില്‍പ്പ് കണ്ടിട്ടാണോ എന്ന് അറിയില്ല, അവസാനം അവന്‍ നിര്‍ത്തി. എന്നിട്ട് ഒരു ചോദ്യം. ‘കന്നഡ ഗൊത്തില്‍വാ??’ എന്ന് (കന്നഡ അറിയില്ലേ??). ഭാഗ്യത്തിന് അത് എനിക്കു നന്നായിട്ട് അറിയാമാ‍യിരുന്നു, കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ കന്നഡ ഗൊത്തില്ല എന്ന് പറഞ്ഞാണ് രക്ഷപ്പെടുക. അവന്റെ ഒരു ചോദ്യമെങ്കിലും മനസ്സിലായ സന്തോഷത്തില്‍ ഞാന്‍ മറുപടി പറഞ്ഞു : ‘സ്വല്‍പ്പ സ്വല്‍പ്പ ഗൊത്തായിത്തെ…’. ദാ കിടക്കുന്നു. ഒരു 10 സെക്കന്റ് മുന്നെ ഇനി മേലാല്‍ കന്നഡ സംസാരിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത ഞാന്‍ വീണ്ടും.

പാന്‍‌ട്രിക്കാരന്‍ ചെറുക്കന് കാര്യം പിടിക്കിട്ടിയ പോലെ, എന്നെ അവജ്ഞയോടെ ഒന്നു നോക്കിയിട്ട് ഒരു പോക്ക് അങ്ങ് പോയി. ഇനി വല്ല കന്നഡ രക്ഷണ വേദികക്കാരെ വിളിക്കാന്‍ പോയതാണോ എന്ന് അറിയാതെ ഞാനും പതുക്കെ സ്കൂട്ടായി. പക്ഷെ അത് കൊണ്ടൊന്നും ഞാനൊരു പാഠം പഠിച്ചില്ല. ഇപ്പോഴും കടയില്‍ ചെന്നിട്ട് കന്നഡയില്‍ മാത്താടും, പക്ഷെ മലയാളികളെ കൊണ്ട് തിങ്ങി നിറഞ്ഞ ബംഗലൂരുവില്‍ കടക്കാരന്‍ തിരിച്ച് മലയാളത്തില്‍ പറയുമ്പോഴാണ് നമ്മുടെ മലയാളത്തിന്റെ മഹത്തായ വില ഞാനറിയുന്നത്. 🙂

Advertisements

4 പ്രതികരണങ്ങള്‍

 1. BLOG KIDILAN..THAKARTHODATTE….!!!

  താങ്ക്യൂ മച്ചൂ… 🙂 തകര്‍ത്തോടാം

 2. hi hih hi hih hih…….. 🙂

 3. കൊള്ളാം കണ്ണപ്പ..
  ചെന്നാഗിദെ…
  പക്ഷെ കണ്ണപ്പ….ഈ കന്നട സ്വായത്തമക്കാന്‍ ഇത്ര കഷ്ടമണെന്നു സമ്മതിക്കാന്‍ വയ്യ
  പിന്നെ കണ്ണപ്പന്റെ പേരിലും ഒരു കന്നട സ്റ്റൈല്‍ ഇല്ലേന്നു ഒരു സംശയം …
  കന്നട മാത്താടി…..കന്നട മാത്താടി

  അത്ര കഷ്ടമൊന്നുമല്ല കൊല്ലംകോടേ… എന്നാലും അത്ര എളുപ്പവുമല്ല 😛

 4. നന്ദി എന്ന വാക്ക് കന്നഡയിലും ഉണ്ട്. എന്നിക്ക് താങ്കളെ കന്നഡ പഠിപ്പിക്കാന്‍ കഴിയും. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇ-മെയിലിലും ബന്ധപ്പെടാം.
  > മലയാളത്തിലെ സംവൃതത്തിനു പകരം കന്നഡയില്‍ ഉ ആണ്. ഉദാ: അത് – അതു [ക].
  > ഭൂതകാല പ്രത്യയം ത് തന്നെ ആണ് മലയാളത്തില്‍ ഉള്ളതുപോലെ.
  > താലവ്യ വ്യത്യയം .
  ഉദാ: ചെരട്ട – ഗെരടെ. പക്ഷേ കന്നഡയില്‍ അവസാനം വരുന്ന ‘ടെ’ അതുപോലെത്തന്നെ വായിക്കണം. അതായത് മലയാളത്തില്‍ അതിന്‍റെ ഉച്ചാരനം ഗെരട്ടെ എന്നാവും.
  ചിറ – കെറെ
  ചിതല്‍ – ഗെദ്ദലു
  > മേല്‍ പറഞ്ഞ ഉദാഹരണത്തില്‍ ഉള്ളതുപോലെ അകാരാന്തതിനു എകാരം പരം.
  മല – മലെ
  അതിന്‍റെ കാരണം പഴയ ദ്രാവിഡ ഭാഷയില്‍ മലയ് ആയിരുന്നു. അത് കന്നദയില്‍ മലെ എന്നും മലയാളത്തില്‍ മല എന്നും ആയി മാറി.
  > സംസ്കൃത വാക്കുകള്‍ ഉപയോഗിക്കപ്പെടുന്ന രീതിയില്‍ ഉള്ള സാമ്യങ്ങള്‍.

  കേരളപാണിനീയം വായിച്ചാല്‍ ഇതൊക്കെ ഒരു പരിധി വരെ അറിയാന്‍ സാധിക്കും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: